പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച സംഭവത്തിൽ മൂത്ത പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന വസ്തുക്കളും പുസ്തകങ്ങളും വസ്ത്രങ്ങളിൽ ചിലതും മരണാനന്തര ചടങ്ങിനിടെ തീയിട്ടു നശിപ്പിച്ചെന്ന് അമ്മയുടെ വെളിപ്പെടുത്തൽ. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരോടാണ് അമ്മ ഈ സംഭവം പറഞ്ഞത്.
കേസിന്റെ അന്വേഷണത്തിനുപകരിക്കുന്ന ചിലതും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പെണ്‍കുട്ടികളുടെ മരണത്തിനുശേഷം മൂത്ത കുട്ടിയുടെ പുസ്തകത്തിലുണ്ടായിരുന്ന ചില വിവരങ്ങളെപ്പറ്റി അധ്യാപകർ പോലീസിനോടു പറഞ്ഞെങ്കിലും കുട്ടിയുടെ സ്കൂൾ ബാഗ് മാത്രമാണ് കിട്ടിയതെന്നും പുസ്തകങ്ങൾ കിട്ടിയില്ലെന്നുമാണ്്് കേസ് ആദ്യം അന്വേഷിച്ച പോലീസ് പറഞ്ഞത്.
അവയെല്ലാം കത്തിച്ചുകളഞ്ഞെന്നാണ് പോലീസിനു ലഭിച്ച മൊഴി. ഇതിനിടെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ തെളിവെടുപ്പിനിടെ നാട്ടുകാർ കൈയേറ്റം ചെയ്തു. പ്രതികളെ അടിക്കുകയും വലിച്ചിഴയ് ക്കുകയും ചെയ്തു. പോലീസ് തക്ക സമയത്ത് ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് പ്രതികളെ തെളിവെടുപ്പിനായി കുട്ടികളുടെ വീട്ടിൽ എത്തിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ ഡിവൈ എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ എത്തിച്ചത്. വീട്ടിലെത്തി തെളിവെടുക്കുന്നതിനിടയിലാണ് ക്ഷുഭിതരായ നാട്ടുകാർ പ്രതികളെ കൈയേറ്റം ചെയ്തത്. പെണ്‍കുട്ടികളുടെ ബന്ധുക്കളായ പാന്പാംപള്ളം കല്ലങ്കാട് എം. മധു (27), വി. മധു (27), അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജക്കാട് ഷിബു (43), അയൽവാസിയും ട്യൂഷൻ അധ്യാപകനുമായ പ്രദീപ്കുമാർ (34) എന്നിവരാണ് പ്രതികൾ.
പ്രതികളുടെ ക്രിമിനൽ പശ്ചാത്തലമുൾപ്പെടെയുള്ളവ പോലീസ് അന്വേഷിച്ചു വരുന്നുണ്ട് . ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നു കേസന്വേഷിക്കുന്ന ഡിവൈഎസ്പി എം.ജെ. സോജൻ പറഞ്ഞു. പെണ്‍കുട്ടികളുടെ തറവാടുവീടായ കല്ലൻചാടയിലെ തെളിവെടുപ്പിനു ശേഷമാണ് വാളയാറിൽ സഹോദരിമാർ താമസിച്ചിരുന്ന അട്ടപ്പള്ളം ശെൽവപുരം വീട്ടിലെത്തിയത്. തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും.