പാലക്കാട്: വാളയാർ കേസിൽ വിചാരണക്കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നു ഹൈക്കോടതി നിർദേശം. പ്രതികളെ വെറുതെ വിട്ടതിനെതിരെ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളും സർക്കാരും നൽകിയ അപ്പീൽ പരിഗണിക്കവെയാണു ഹൈക്കോടതി ഇത്തരത്തിൽ നിർദേശം നൽകിയത്.
നിലവിലുള്ള സാഹചര്യത്തിൽ തുടരന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയാൽ ശിക്ഷിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും.
പ്രതികൾ രാജ്യം വിടാൻപോലും സാധ്യതയുണ്ട് എന്നതു പരിഗണിച്ചാണു ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിടാമെന്നും കോടതി വ്യക്തമാക്കി. കേസ് മേയിൽ വീണ്ടും പരിഗണിക്കും.
2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസുകാരിയേയും പിന്നീട് രണ്ടു മാസത്തിനുശേഷം മാർച്ച്-4-ന് സഹോദരിയായ ഒൻപതു വയസുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടു പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.
എന്നാൽ കേസിൽ പ്രതികളായ വി. മധു, ഷിബു, എം.മധു എന്നിവരെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടു. പെണ്‍കുട്ടികൾ പീഡനത്തിനിരയായെന്നു കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്നു തെളിയിക്കുന്നതിൽ അന്വേഷണസംഘത്തിനു വീഴ്ചപറ്റി എന്നു നിരീക്ഷിച്ചാണു കോടതി പ്രതികളെ വെറുതെവിട്ടത്