തിരുവനന്തപുരം: വാളയാർ കേസിലെ ജുഡീഷൽ അന്വേഷണത്തിനെതിരെ വീണ്ടും ബിജെപി. സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു. സംഭവത്തിൽ വേണ്ടിയിരുന്നത് തുടരന്വേഷണം ആണെന്നും സർക്കാരും ഇടനിലക്കാരും ചേർന്ന് പെൺകുട്ടികളുടെ കുടുംബത്തെ വഞ്ചിച്ചെന്നും കൃഷ്ണകുമാർ ആരോപിച്ചു.
നേരത്തെ, വാളയാർ കേസിൽ ജൂഡീഷൽ അന്വേഷണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിലുള്ള അപകടം മനസിലാക്കിയാണ് ഈ നീക്കമെന്നും സിപിഎമ്മുകാരായ പ്രതികളെയും പോലീസുകാരെയും രക്ഷിക്കാനാണ് ശ്രമമെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.
മന്ത്രിസഭായോഗ തീരുമാന പ്രകാരമാണ് സംസ്ഥാന സർക്കാർ കേസിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾ കമ്മീഷൻ പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.