പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ ദുരൂഹമരണക്കേസിലെ പ്രതികൾക്കു സിപിഎം ബന്ധമുണ്ടെന്ന് ആവർത്തിച്ചു പെണ്‍കുട്ടികളുടെ അമ്മ. ഇക്കാര്യം തന്നെകൊണ്ട് ആരും പറയിച്ചതല്ലെന്നും പാർട്ടിക്കാരോടൊപ്പം പ്രതികളെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം വേണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.
മക്കൾക്കു നീതി കിട്ടാൻ വേണ്ടിയാണ് ഇപ്പോൾ സമരം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു ഹൈക്കോടതിയെ സമീപിക്കുന്നത്. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പോകുമെന്നു മുഖ്യമന്ത്രിയോട് പറഞ്ഞപ്പോൾ ഇക്കാര്യത്തിൽ സർക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞെന്നും മുഖ്യമന്ത്രി തന്ന ഉറപ്പിൽ വിശ്വാസമുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു.