പാലക്കാട്: ദേശീയ ബാലാവകാശ കമ്മീഷൻ ഇന്ന് വാളയാറിലെ മരണപ്പെട്ട പെണ്‍കുട്ടികളുടെ വീട് സന്ദർശിക്കും. കുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കാണാനായി തിരുവനന്തപുരത്താണ്. ഇന്നലെ രാത്രിയോടെയാണ് ഇവർ മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്തേക്ക് പോയത്.
എന്നാൽ ദേശീയ ബാലാവകാശ കമ്മീഷൻ അംഗങ്ങൾ ഇന്ന് വീട് സന്ദർശിക്കാനിരിക്കെ മാതാപിതാക്കളെ വീട്ടിൽ നിന്നും മാറ്റുന്നതിന്റെ ഭാഗമായാണ് ഇന്ന് മുഖ്യമന്ത്രിയെ കാണാനായി സമയം അനുവദിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കമ്മീഷൻ വീട്ടിലെത്തുന്പോൾ മാതാപിതാക്കളെ കാണാൻ കഴിയാത്തതിനാൽ സന്ദർശനം പ്രഹസനമായി മാറുമെന്ന് നാട്ടുകാർ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന 100 മണിക്കൂർ സമരം നാൽപ്പത്തിയെട്ടാം മണിക്കൂറിലേക്ക് കടന്നു. കുറ്റപത്രത്തിലെ അട്ടിമറിയാണ് പ്രതികൾ രക്ഷപ്പെടുന്നതിന് ഇടയാക്കിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പ്രതികൾക്കെതിരെയുള്ളത് വെറും ആരോപണം മാത്രമായി മാറിയ അവസ്ഥയാണ് കോടതിയിൽ ഉണ്ടായത്.
ശാസ്ത്രീയമായ തെളിവുകൾ നിരത്തി കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാലാണ് കോടതി പ്രതികളെ വെറുതെ വിട്ടതെന്ന് നിയമവിദഗ്ധർ പറഞ്ഞു. ഇളയകുട്ടിയുടെ മരണത്തിലെ കൊലപാതകസാധ്യതയും അവഗണിക്കുന്ന കുറ്റപത്രമായിരുന്നു കോടതിയിൽ സമർപ്പിച്ചത്.
രണ്ടും ആത്മഹത്യയാക്കി മാറ്റിയപ്പോഴും പീഡനകാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കാനും പോലീസ് തയ്യാറായില്ല. ഇങ്ങനെ അടിമുടി പിഴച്ച കുറ്റപത്രം പ്രതികൾക്കെതിരെ സമർപ്പിച്ചതാണ് പ്രതികളുടെ രക്ഷപ്പെടലിന് വഴിവെച്ചതെന്ന് നാട്ടുകാരും നിയമവിദഗ്ധരും പറഞ്ഞു.
ഗൂഢാലോചനയുടെ ഭാഗമെന്ന് ആക്ഷൻ കമ്മിറ്റി
പാലക്കാട്: വാളയാറിലെ മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കളെ മുഖ്യമന്ത്രിയെ കാണാനായി തിരുവനന്തത്തേക്ക് കൂട്ടിക്കൊണ്ടുപോയതിൽ ദുരൂഹതയെന്ന് ആക്ഷൻ കമ്മിറ്റി കണ്‍വീനർ എം. ബാലമുരളി. ഇന്ന് ദേശീയ ബാലാവകാശ കമ്മീഷൻ കുട്ടികളുടെ വീട് സന്ദർശിക്കാനിരിക്കെ ഇവരെ വീട്ടിൽ നിന്നും മാറ്റിയതാണെന്ന് ബാലമുരളി പറഞ്ഞു.
കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറാണ് മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഇത് ഗൂഡാലോചനയുടെ ഭാഗമാണെന്നും ബാലമുരളി പറഞ്ഞു. മാതാപിതാക്കളെ കാണാൻ കഴിയാതെ വരുന്നതോടെ കമ്മീഷന്റെ സന്ദർശനം പ്രഹസനമാകും. പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇപ്പോഴും നടക്കുന്നതിന്റെ ഭാഗമാണ് ഇത്തരം കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.