ആലുവ: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട വാളയാർ കേസിൽ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് ജുഡീഷൽ കമ്മീഷന് പാലക്കാട് എസ്പി ശിവംവിക്രം മൊഴി നല്കി. വാളയാര്‍ കേസിലെ വീഴ്ച പരിശോധിക്കുന്ന പി.കെ. ഹനീഫ കമ്മീഷന്റെ ആലുവ പാലസിലെ സിറ്റിംഗിലാണ് എസ്പി മൊഴി നല്‍കിയത്.
തെളിവുകള്‍ ശേഖരിക്കുന്നതിലും പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ആദ്യ ഘട്ടത്തിൽ വീഴ്ചയുണ്ടായി. കേസ് അന്വേഷിച്ചിരുന്ന എസ്ഐ പി.സി. ചാക്കോയ്ക്കാണ് ആദ്യ ഘട്ട അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചത്.
ഡിവൈഎസ്പിയായിരുന്ന സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചിട്ടില്ല. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചതെന്നാണ് കോടതി ഉത്തരവില്‍ നിന്നു താന്‍ മനസിലാക്കുന്നതെന്നും ശിവംവിക്രം മൊഴി നല്‍കിയിട്ടുണ്ട്.
ഈ മാസം 15ന് പാലക്കാട് നടക്കുന്ന അടുത്ത സിറ്റിംഗിൽ കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയാകുമെന്നാണ് സൂചന. ഇനി മരണമടഞ്ഞ സഹോദരിമാരുടെ മാതാപിതാക്കൾ, പ്രോസിക്യൂട്ടര്‍മാരില്‍ ഒരാളായ ജലജ മാധവൻ, പാലക്കാട് ജില്ലാ പോലീസ് മേധാവിയായിരുന്ന ദേവേഷ് കുമാര്‍ ബഹ്റ, പ്രതീഷ്കുമാര്‍ എന്നിവരിൽ നിന്നാണ് മൊഴിയെടുക്കാനുള്ളത്.
വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ട കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത് വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചത്.