ആലുവ: വാളയാർ കേസിലെ നാലാം പ്രതി കെ. മധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഫാക്ടറിയിലെ സൈറ്റ് മാനേജർ പോലീസ് കസ്റ്റഡിയിൽ. എടയാർ ബിനാനി സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പോലീസ് കസ്റ്റഡിയിലെടുത്ത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇതേ സ്ഥാപനത്തിലെ പഴയ വസ്തുക്കൾ ഏറ്റെടുക്കുന്ന കമ്പനിയിലെ മണ്ണ് പരിശോധനാ ജീവനക്കാരനാണ് മധു. ഇവിടെനിന്ന് ചെമ്പ് കമ്പിയും തകിടുകളും മോഷ്ടിക്കാൻ ശ്രമിച്ചതിന് മധുവിനെ നേരത്തെ കരാർ കമ്പനി അധികൃതർ പിടികൂടിയിരുന്നു. \സംഭവത്തിൽ മധുവിനെതിരേ കരാർ കമ്പനി പോലീസിൽ പരാതിയും നൽകിയിരുന്നു.
ആത്മഹത്യയും ഈ സംഭവവും തമ്മിൽ ബന്ധമുണ്ടോയെന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യൽ നടക്കുന്നതെന്നാണ് സൂചന. അതേ സമയം മരിച്ച മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. എറണാകുളം ഗവ. മെഡിക്കൽ കോളജിലാണ് മൃതദ്ദേഹം സൂക്ഷിച്ചിരിക്കുന്നത്. സ്ക്രാപ്പ് കമ്പനിയിലെ സഹ പ്രവർത്തകർ താമസിക്കുന്ന താമസ സ്ഥലത്ത് എത്തിയാണ് മധു ഇന്നലെ തൂങ്ങിമരിച്ചത്. സമീപത്തെ വിദ്യാലയത്തിനടുത്തുള്ള ഒരു വാടക വീട്ടിലാണ് മധു താമസിച്ചിരുന്നത്.