എം.വി. വസന്ത്
പാലക്കാട്: വാളയാർ വാണിജ്യനികുതി ചെക്പോസ്റ്റ് വീണ്ടും നിശ്ചലം. രാജ്യത്തെ പ്രമുഖ ചെക്പോസ്റ്റുകളിലൊന്നായ വാളയാറിൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നതു പന്ത്രണ്ടു മണിക്കൂറിലധികം. വാളയാറടക്കം ജില്ലയിലെ മിക്ക ചെക്പോസ്റ്റുകളിലും വാഹനങ്ങളുടെ നീണ്ട നിര പ്രകടമാണ്. അഴിമതിക്കാരെ പിരിച്ചുവിടുമെന്ന ധനമന്ത്രിയുടെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥരുടെ നിസഹകരണ സമരം തുടങ്ങുന്നത്. ഉദ്യോഗസ്ഥരുടെ നിസഹകരണം രണ്ടാം ദിവസത്തിലേക്കു കടന്നതോടെ ചരക്കുവാഹനങ്ങൾക്കു പുറമേ യാത്രാവാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്.
പരിശോധന കർശനമാക്കിയെന്ന പ്രതികരണമാണ് ഉദ്യോഗസ്ഥർ നല്കുന്നതെങ്കിലും ഇവരുടെ മെല്ലെപ്പോക്കിനു പിന്നിൽ അടുത്തിടെ വിജിലൻസ് അടക്കമുള്ളവർ നടത്തിയ റെയ്ഡുകളുടെ പശ്ചാത്തലവുമുണ്ട്. വാളയാറടക്കം ജില്ലയിലെ പ്രധാന ചെക്പോസ്റ്റുകളിൽ നിരന്തരം റെയ്ഡുകൾ നടത്തി വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അധികൃതരുടെ നിരന്തര റെയ്ഡിനുള്ള മറുമരുന്നു പ്രയോഗം കൂടിയായാണ് ഉദ്യോഗസ്ഥരുടെ ഈ മനഃപൂർവ മെല്ലെപ്പോക്കു നീക്കം.
അഞ്ചുകിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങളുടെ നിര പ്രകടമാണ്. ഇന്നലെ രാവിലെ മുതൽ പരിശോധന മന്ദഗതിയിലായതോടെ ചെക്പോസ്റ്രിലുണ്ടായ ചരക്കുവാഹനങ്ങലുടെ തിരക്കിൽ സ്വകാര്യ വാഹനങ്ങളും കുടുങ്ങിയതോടെ ദേശീയപാതയിലെയും ഗതാഗതം സ്തംഭിച്ച മട്ടാണ്. ഒരാഴ്ച്ചയായി തുടരുന്ന തിരക്ക് ഇടയ്ക്കു കുറഞ്ഞെങ്കിലും ഇന്നലെ വീണ്ടും പഴയപടിയായി.
ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിനു മുന്നോടിയായി പരിശീലനത്തിലായതിനാൽ വാണിജ്യനികുതി ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയായി കുറച്ചിരുന്നു. മറ്റു വകുപ്പുകളുടെ സഹകരണമില്ലായ്മയും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മെല്ലെപ്പോക്കിനെക്കുറിച്ചു ഇവർ മിണ്ടുന്നുമില്ല.
തിരക്കു പരിഗണിച്ച് വാളയാർ ചെക്പോസ്റ്റിൽ ഇന്നലെ രണ്ടു ജിവനക്കാരെ അധികം നിയമിച്ചിട്ടുണ്ട്. പക്ഷെ തിരക്ക് ഒഴിവാകാൻ ഒരാഴ്ച്ചയെങ്കിലും സമയമെടുക്കുമെന്നാണ് അറിയുന്നത്. പ്രതിദിനം രണ്ടായിരം ചരക്കുവാഹനങ്ങൾ വാളയാർ ചെക്പോസ്റ്റിലൂടെ കടന്നുപോകാറുണ്ട്. പക്ഷ ഇന്നലെ ആയിരത്തിൽ താഴെ മാത്രമാണ് കടന്നുപോയതെന്നും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കു സമരത്തിനു തെളിവായി ചൂണ്ടിക്കാട്ടുന്നു.
തിരക്ക് പരിഹരിച്ചില്ലെങ്കിൽ നോട്ടീസ് നൽകുമെന്നു ജില്ലാ പോലീസ്
പാലക്കാട്: വാളയാർ ചെക്ക്പോസ്റ്റിലെ തിരക്ക് പരിഹരിച്ചില്ലെങ്കിൽ നോട്ടീസ് നൽകുമെന്നു ജില്ലാ പോലീസ് മേധാവി. തിരക്ക് പരിഹരിക്കാൻ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരക്ക് വർധിച്ചതിനെ തുടർന്നു പ്രദേശത്ത് പോലീസ് സംഘത്തെ വിന്യസിച്ചു.പരിശോധനകൾ കർശനമാക്കിയതോടെ വാളയാർ ചെക്ക്പോസ്റ്റിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചിരുന്നു.