പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാരായ പെണ്‍കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അയൽവാസിയും പതിനേഴുകാരനുമായ യുവാവിനെ ചോദ്യം ചെയ്യാൻ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
ഇന്നലെ അറസ്റ്റിലായ ഇയാൾ പ്രാഥമിക ചോദ്യം ചെയ്യലിൽ രണ്ടു പെണ്‍കുട്ടികളേയും പീഡിപ്പിച്ച കാര്യം സമ്മതിച്ചതായി അന്വേഷണസംഘം പറഞ്ഞു.അട്ടപ്പള്ളം ഭാഗ്യവതി-ഷാജി ദമ്പതികളുടെ മക്കളായ ഹൃതികയും(13) ശരണ്യയുമാണ്(ഒമ്പത്) ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
ഹൃതിക ജനുവരി 13നും, ശരണ്യയെ ഈ സംഭവത്തിനുശേഷം 52-ാം ദിവസവുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. നിർമാണത്തിലുള്ള ഇവരുടെ വീടിനു സമീപത്തെ ഷെഡിലാണ് ഇരുവരും മരിച്ചനിലയിൽ കാണപ്പെട്ടത്. സംഭവം ഏറെ വിവാദമായതോടെ പോലീസിനുനേരേ കടുത്ത വിമർശനമാണ് ഉയർന്നത്.
പതിനേഴുകാരനെകൂടി അറസ്റ്റുചെ യ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കുട്ടികളുടെ അമ്മയുടെ ബന്ധുക്കളും പാമ്പാമ്പള്ളം കല്ലങ്കാട് സ്വദേശികളുമായ വി. മധു (27), എം. മധു(27), ചേർത്തല സ്വദേശിയും ട്യൂഷൻ മാസ്റ്ററുമായ പ്രദീപ്കുമാർ, കുട്ടികളുടെ അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജക്കാട് സ്വദേശി ഷിബു (43) എന്നിവരാണ് നേരത്തേ അറസ്റ്റിലായിരുന്നത്.
അതേസമയം, പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ പോലീസിന് ഇതുവരെയും തെളിവുകൾ ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കവേയാണ് ഇന്നലെ അയൽവാസിയായ പതിനേഴുകാരനും പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. കേസിൽ അറസ്റ്റിലായവരെല്ലാം ഇവരുടെ വീടുമായി അടുത്തബന്ധമുള്ളവരും ചിലർ ഈ വീട്ടിൽതന്നെ താമസിച്ചിരുന്നവരുമാണ്.
ആദ്യമരണത്തിലെ പോലീസ് അന്വേഷണവീഴ്ചകളും നിലപാടുകളും ഏറെ വിമർശനത്തിലേക്കു നയിച്ചിരുന്നു. കേസ് വിവാദമായതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർമുതൽ വനിതാകമ്മീഷനും വിവിധ രാഷ്ട്രീയനേതാക്കളുമെല്ലാം കേസിൽ ഇടപെട്ടിരുന്നത് ഏറെ ചലനങ്ങളുണ്ടാക്കിയിരുന്നു.തുടർന്നുള്ള അന്വേഷണത്തിലാണ് നാലുപേർ അറസ്റ്റിലായത്. രണ്ടു പെണ്‍കുട്ടികളും ലൈംഗികമായി ചൂഷണംചെയ്യപ്പെട്ടിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽനിന്നു വ്യക്തമായിരുന്നു.