പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ദളിത് സഹോദരിമാർ പീഡനത്തിന് ഇരയായി മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടാൻ ആവശ്യമായ നടപടികൾക്ക് സർക്കാർ ഇടപെടണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതികിട്ടണം.
കുറ്റക്കാർ ആരായാലും അവരെ നിയമത്തിന് മുന്നിലെത്തിക്കണം. കേസ് വാദിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നാണോ അതോ അന്വേഷണത്തിലാണോ വീഴ്ചയുണ്ടായതെന്ന് സർക്കാർ പരിശോധിക്കണം. കുട്ടികളുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി സംഭവത്തിലെ ദുരൂഹത നീക്കണം. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്യുന്നതായും പാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കി.