പാലക്കാട്: വാളയാറിലെ പിഞ്ചോമനകളുടെ ആത്മാവിനോട് പോലും നീതി കാണിക്കാൻ സ്ത്രീ സുരക്ഷയുടെ പേരിൽ ഉൗറ്റം കൊള്ളൂന്ന ഇടതുപക്ഷസർക്കാരിനു കഴിഞ്ഞില്ലെന്ന് രമ്യ ഹരിദാസ് എംപി. ഈ കേസ് തുടക്കം മുതലേ അട്ടിമറിച്ച പോലീസ് വീണ്ടും വിധിക്കെതിരെ അപ്പിൽ നൽകാൻ ശ്രമിക്കുന്നത് ഇപ്പോൾ തെളിവില്ലാത്തതിന്റെ പേരിൽ പ്രതികൾക്ക് ലഭിച്ച സ്വാതന്ത്ര്യം അരക്കിട്ടുറപ്പിക്കാൻ വേണ്ടിയാണ്.
കേസ് അടിയന്തിരമായി സ്വതന്ത്ര ഏജൻസിക്കു കൈമാറി അടിമുടി പുനരന്വേഷണം നടത്താൻ തയ്യാറാകണം. സർക്കാരും പോലീസും ഇരകളോടൊപ്പമല്ല വേട്ടക്കാരനോടൊപ്പമാണെന്ന് വ്യക്തമാണ്. വി.എസ് അച്യുതാനന്ദൻ തുടക്കം മുതലേ പോലീസ് കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചിരുന്നു.
ഉത്തരവാദിത്വത്തിൽ നിന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിക്കും നിയമ വകുപ്പു മന്ത്രിക്കും ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിക്കില്ല. കേരളസർക്കാറിന്റെ നിയമ വകുപ്പ് പൂർണ പരാജയമാണെന്ന് ഗോവിന്ദചാമിക്ക് വധശിക്ഷ വാങ്ങി കൊടുക്കാൻ കഴിയാതിരുന്ന അന്വേഷണത്തിൽ ബോധ്യപെട്ടതാണ്.
പട്ടിക ജാതി വകുപ്പു മന്ത്രിയും നിയമവകുപ്പു മന്ത്രിയും സാംസ്കാരിക വകുപ്പു മന്ത്രിയും ആയ എ.കെ ബാലൻ ഇതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും രമ്യ ഹരിദാസ് എംപി പറഞ്ഞു.