പാലക്കാട്: ഇളയ കുട്ടിയുടെ മരണം ആത്മഹത്യയല്ലെന്ന് പോലീസിനോട് പറഞ്ഞിരുന്നുവെന്ന് കുട്ടികളുടെ അച്ഛൻ. ചെറിയ കുട്ടിയായ അവൾക്ക് വീടിന്റെ മുകളിൽ കയറുകെട്ടി തൂങ്ങാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ഇത് അന്ന് പോലീസിനോട് പറഞ്ഞതുമാണ്.
അവളെ കെട്ടിത്തൂക്കിയതാണ്. പക്ഷേ പോലീസ് അത് അംഗീകരിച്ചില്ല. അവൾ ആത്മഹത്യചെയ്തതുതന്നെയാണെന്ന് ഞങ്ങലെ നിർബന്ധിച്ച് വിശ്വസിപ്പിച്ചതായും അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
കേസിലെ അഞ്ചാം സാക്ഷിയും അയൽവാസിയുമായ അബ്ബാസും ഇളയ കുട്ടിയുടേത് കൊലപാതകമാണെന്ന് വിശ്വസിക്കുന്നതായി പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കുട്ടിയുടെ അച്ഛനും അത് ശരിവെച്ചിരിക്കുന്നത്. എട്ട് അടി ഉയരത്തിലാണ് കുട്ടി തൂങ്ങിയ നിലയിൽ കണ്ടത്. ഇത് അസംഭവ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.
കേസിൽ ആദ്യം സാക്ഷിപ്പട്ടികയിലുണ്ടായിരുന്ന തന്നെ കോടതിയിൽ വിസ്തരിച്ചില്ലെന്ന് അഞ്ചാം സാക്ഷി അബ്ബാസ് പറഞ്ഞു. തന്നെ മനപൂർവം ഒഴിവാക്കുകയായിരുന്നു. രണ്ടാമത്തെ കുട്ടി തൂങ്ങിമരിച്ചതല്ലെന്നും കെട്ടിത്തൂക്കിയതാകാമെന്നും അബ്ബാസ് പറഞ്ഞു.
പാവങ്ങളായ ഞങ്ങളെ എല്ലാവരും ചേർന്ന് പറ്റിച്ചുവെന്ന് അമ്മ
പാലക്കാട്: വാളയാർ അട്ടപ്പള്ളത്തെ ദലിത് സഹോദരിമാരുടെ മരണവും, കേസിലെ കോടതി വിധിയും സംബന്ധിച്ച് പോലീസും പ്രോസിക്യൂഷനും പ്രതിക്കൂട്ടിൽ. പോലീസും പ്രതികളും തമ്മിലുള്ള ഒത്തുകളി മൂലം അന്വേഷണം പ്രഹസനമായതാണ് നാലു പ്രതികളേയും വെറുതെ വിടുന്നതിന് കാരണമായതെന്ന് പെണ്കുട്ടികളുടെ അമ്മ പറഞ്ഞു. ഇതേ അഭിപ്രായമാണ് നാട്ടുകാരും പങ്കുവെക്കുന്നത്.
പ്രോസിക്യൂഷന്റെ ജാഗ്രതക്കുറവും കേസിനെ ബാധിച്ചതായി മന്ത്രി എ.കെ ബാലനും സമ്മതിച്ചിട്ടുണ്ട്. കേസിന്റെ ഒരു ഘട്ടത്തിലും പോലീസ് തങ്ങൾക്ക് ഒരു വിവരവും കൈമാറിയിട്ടില്ലെന്ന് അമ്മ പറഞ്ഞു. കേസിന്റെ വിധി ചാനലുകളിൽ നിന്നാണ് അറിയുന്നത്. എന്നാൽ എല്ലാ പ്രതികൾക്കും ശിക്ഷ ലഭിക്കുമെന്നാണ് പോലീസ് നേരത്തെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
മൂത്ത കുട്ടിയെ ഒന്നാം പ്രതിയും ബന്ധുവുമായ മധു പീഡിപ്പിക്കുന്നത് നേരിട്ടു കണ്ടെന്ന് പോലീസിനോട് പറഞ്ഞിരുന്നു. കോടതിയിലും ഇത് പറഞ്ഞു. പ്രദേശവാസികളെയൊന്നും പോലീസ് സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പ്രതികളെ രക്ഷിക്കാൻ സിപിഎം ഇടപെട്ടിട്ടുണ്ട്.
മൂത്ത കുട്ടിയെ പീഡിപ്പിച്ചവരെ പിടികൂടിയിരുന്നുവെങ്കിൽ രണ്ടാമത്തെ മകൾ ഞങ്ങൾക്ക് നഷ്ടപ്പെടുമായിരുന്നില്ല. എല്ലാവരും ചേർന്ന് പാവങ്ങളായ ഞങ്ങളെ പറ്റിക്കുകയായിരുന്നു. എന്തു സംഭവിച്ചാലും ഈ കേസിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതു വരെ കേസുമായി മുന്നോട്ട് പോകുമെന്ന് അമ്മ പറഞ്ഞു. അതേസമയം രണ്ടാമത്തെ പെണ്കുട്ടിയുടേത് ആത്മഹത്യയല്ലെന്ന സംശയവുമുയർന്നിട്ടുണ്ട്.