തൃശൂർ: വാളയാർ പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.
മക്കളുടെ നീതിക്കുവേണ്ടിയാണ് മത്സരിക്കുന്നത്. കുടുംബത്തിനൊപ്പം നിൽക്കുമെന്ന് പറഞ്ഞിട്ട് വാക്കുപാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്നും അവർ പറഞ്ഞു.
ബുധനാഴ്ച പത്രിക സമർപ്പിക്കും. കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള പ്രതിഷേധ യാത്രയിൽ ധർമടത്ത് എത്തിയപ്പോൾ നിരവധി അമ്മമാർ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അവർ പറഞ്ഞു.
വാളയാർ കേസിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇവർ കഴിഞ്ഞമാസം തലമുണ്ഡനം ചെയ്തും പ്രതിഷേധിച്ചിരുന്നു.