കൊച്ചി: വാളയാറില് പീഡനത്തിനിരയായ ദളിത് പെണ്കുട്ടികളെ മരിച്ചനിലയില് കണ്ടെത്തിയ കേസിന്റെ അപ്പീലില് ഒരു പ്രതിക്ക് നോട്ടീസ് നല്കാന് കഴിഞ്ഞില്ലെന്നും ഇയാള് ഒളിവിലാണെന്ന് സംശയമുണ്ടെന്നും സര്ക്കാര് ഹൈക്കോടതിയില് ബോധിപ്പിച്ചു.
കേസിലെ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതിയുടെ നടപടിക്കെതിരേ സര്ക്കാരും മരിച്ച പെണ്കുട്ടികളുടെ അമ്മയും നല്കിയ അപ്പീലുകളിലാണു സര്ക്കാര് ഇത് അറിയിച്ചത്.
പ്രദീപ് കുമാര്, വലിയ മധുവെന്ന മധു, കുട്ടി മധുവെന്ന മധു, ഷിബു എന്നീ പ്രതികള്ക്ക് സ്പീഡ് പോസ്റ്റ് മുഖേനയാണ് നോട്ടീസ് നല്കിയതെന്നും ഇതില് ഷിബുവിന്റെ നോട്ടീസ് മടങ്ങിയെന്നും സര്ക്കാര് അഭിഭാഷകന് ബോധിപ്പിച്ചു.
എന്നാല് ഇയാള്ക്കുകൂടി നോട്ടീസ് ലഭ്യമാക്കാന് നിര്ദേശിച്ച ഡിവിഷന് ബെഞ്ച് അപ്പീലുകള് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന് മാറ്റി. പ്രായപൂര്ത്തിയാകാത്ത ദളിത് പെണ്കുട്ടികളെ മരിച്ചനിലയില് കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു.
ഇതിനെതിരേയാണു സര്ക്കാരും അമ്മയും അപ്പീല് നല്കിയത്. 13 വയസുള്ള മൂത്തകുട്ടിയെ 2017 ജനുവരി 13 നും ഒമ്പതുകാരിയായ ഇളയ കുട്ടിയെ 2017 മാര്ച്ച് നാലിനുമാണ് വീടിനുള്ളില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.