പാലക്കാട്: പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ പെണ്‍കുട്ടികൾ മരണപ്പെട്ട കേസിലെ പ്രതികളിലൊരാളായിരുന്ന ചേർത്തല വയലാർ കടപ്പള്ളി പ്രദീപ്കുമാർ (36) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വാളയാർ നീതി സമരസമിതി ആരോപിച്ചു.
സാന്പത്തികവിഷമം മൂലവും കുറ്റബോധം മൂലവുമാണ് ആത്മഹത്യയെന്ന പ്രചരണം ശരിയല്ല. കഴിഞ്ഞ ദിവസങ്ങളിൽ വാളയാറിൽ നടന്ന സമരത്തിൽ കേസിലെ ആറാമതൊരു വ്യക്തിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ കുട്ടികളുടെ അമ്മ നടത്തിയിരുന്നു.
ഇയാളിലേക്ക് അന്വേഷണം എത്താതിരിക്കാൻ പ്രദീപ്കുമാറിനെ ഇല്ലാതാക്കിയതായാണ് സംശയമെന്ന് സമരസമിതി ആരോപിച്ചു.മൂത്ത കുട്ടി മരിച്ചകേസിലെ മൂന്നാം പ്രതിയും ഇളയ പെണ്‍കുട്ടി മരിച്ച കേസിലെ രണ്ടാം പ്രതിയുമായിരുന്നു പ്രദീപ് കുമാർ.
2019 ഒക്ടോബർ അഞ്ചിന് വിചാരണകോടതി ഇയാളെ വെറുതെ വിട്ടു. പ്രതികളെ കുറ്റവിമുക്തരാക്കിയത് വിവാദമായിരുന്നു. ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കുന്നതിനിടെയാണ് പ്രദീപ്കുമാറിന്റെ മരണം.
കേസിലെ ആറാമനെ രക്ഷിക്കാനായി മറ്റ് പ്രതികളെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇവർക്ക് സംരക്ഷണം നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ പ്രദീപ്കുമാറിന്റെ മരണത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു.