വാളയാര് പീഡനക്കേസിലെ പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന ചിത്രങ്ങള് പുറത്ത്. പ്രതികള്ക്ക് സിപിഎം ബന്ധമുണ്ടെന്ന് പെണ്കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയെങ്കിലും ഇല്ലെന്ന് ആവര്ത്തിക്കുകയാണ് മന്ത്രി എ കെ ബാലന് ഉള്പ്പെടെയുളളവര്. പ്രതികളെ രക്ഷപ്പെടുത്തിയവര്ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വിവിധകോണുകളില് നിന്നും ഉയരുകയാണ്. പ്രതികള് രക്ഷപെടാന് അനുവദിക്കരുതെന്ന് പൊതുസമൂഹമൊന്നാകെ ഭരണകൂടത്തോട് ആവശ്യപ്പെടുകയാണ്. കോടതിയില് പ്രതികളെക്കുറിച്ച് കൃത്യമായി കാര്യങ്ങളെല്ലാം പറഞ്ഞതാണെന്നു പെണ്കുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു.
പൊലീസ് അന്വേഷണത്തിലാണോ പ്രോസിക്യൂഷനിലാണോ വീഴ്ചയെന്ന് പരിശോധിക്കുമെന്ന് സര്ക്കാര് വിശദീകരണം വന്നെങ്കിലും പ്രതികളുടെ രാഷ്ട്രീയബന്ധം ചര്ച്ചയാകുകയാണ്. പ്രതികള്ക്ക് അരിവാള് ചുറ്റിക പാര്ട്ടിയുമായി ബന്ധമുണ്ടെന്ന പെണ്കുട്ടിയുടെ അമ്മയുടെ വാക്കുകള് സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കി. പാര്ട്ടി പ്രവര്ത്തകര്ക്കൊപ്പം പ്രകടനം നടത്തുന്ന പ്രതിയായ എം മധുവിന്റെ ചിത്രങ്ങളാണ് ഇപ്പോള് പ്രചരിക്കുന്നത്.
ഡിവൈഎഫ്ഐ നേതാവ് നിതിന് കണിച്ചേരിയോടൊപ്പവും നില്ക്കുന്ന ചിത്രങ്ങളുമുണ്ട്. എന്നാലിത് തിരഞ്ഞെടുപ്പ് കാലത്തേതാണെന്നും മറ്റ് യാതൊരു ബന്ധവുമില്ലെന്നുമാണ് നിതിന് കണിച്ചേരി പറയുന്നത്. സംഭവത്തില് സിപിഎം ബന്ധം പറഞ്ഞുകേട്ടപ്പോള് തന്നെ പതിവുപോലെ പാര്ട്ടി നേതാക്കള് പ്രതികള്ക്ക് പാര്ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നു പറഞ്ഞ് തടിതപ്പാന് ശ്രമിച്ചിരുന്നു. എന്നാല് ചിത്രങ്ങള് പുറത്തു വന്നത് ഇവരുടെ വാദങ്ങളെല്ലാം പൊളിച്ചടുക്കി.കേസ് പുനരന്വേഷിച്ചാലും രാഷ്ട്രീയ ഇടപെടല് ഉണ്ടാകുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.