പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായി സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളെ കോടതി വെറുതെ വിട്ട നടപടിയിൽ പോലീസിനെ കുറ്റപ്പെടുത്തി മരണപ്പെട്ട കുട്ടികളുടെ അമ്മ. കേസിന്റെ വിചാരണ തുടങ്ങിയതോ വിധി വരുന്നവിവരമോ പോലും തങ്ങളെ പോലീസ് അറിയിച്ചില്ലെന്ന് അവർ പറഞ്ഞു.
എന്റെ മക്കൾക്ക് നീതി കിട്ടിയില്ല. പ്രതികളെ വിട്ടയക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. പോലീസിന്റെ അനാസ്ഥ മൂലമാണ് ഇത് സംഭവിച്ചത്. കേസന്വേഷണം മുതൽ പോലീസ് കുറ്റകരമായ വീഴ്ചയാണ് വരുത്തിയത്. മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നത് താൻ നേരിട്ട് കണ്ട വിവരം പോലും പറഞ്ഞിരുന്നു. എന്നിട്ടും ഇങ്ങനെയായി. അമ്മ പറഞ്ഞു. പ്രതികൾക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് പോക്സോ പ്രത്യേക കോടതി വെറുതെ വിട്ടത്.
എന്നാൽ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തിൽ അപ്പീൽ പോകുന്നതിന് നിയമോപദേശം തേടുമെന്ന് തൃശൂർ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രൻ പറഞ്ഞു. 2017 ജനുവരി 13 നാണ് പതിമൂന്നു വയസുകാരിയായ മൂത്ത കുട്ടി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. അന്പത്തിരണ്ട് ദിവസത്തിനു ശേഷം മാർച്ച് നാലിന് ഒന്പതുവയസുകാരിയായ ഇളയകുട്ടിയേയും അതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുട്ടികൾ ക്രൂരമായ പീഡനത്തിന് വിധേയരായിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. തുടർന്ന് ഡിവൈഎസ്പി എം.ജെ സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.