കൊച്ചി: വാളയാറിൽ രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ സിബിഐ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം യഥാർഥ പ്രതികളെ രക്ഷിക്കുന്നതിനും നീതിക്കു വേണ്ടി സമരം ചെയ്യുന്ന മാതാപിതാക്കളെ പീഡിപ്പിക്കുന്നതിനുമാണെന്ന് വാളയാർ നീതിസമരസമിതി.
ഈ കേസിൽ സിബിഐ ആദ്യം സമർപ്പിച്ച കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളിയതിനെത്തുടർന്നു നിയോഗിക്കപ്പെട്ട സിബിഐയുടെ രണ്ടാം അന്വേഷണസംഘവും ഈ കേസിൽ കൊലപാതകത്തിന്റെ സാധ്യത തേടിയില്ല. കേസ് അട്ടിമറിക്കുന്നതിന് സിബിഐക്കുമേൽ സമ്മർദം ചെലുത്തുന്നത് ചില അഭിഭാഷകരാണ്.
കേസിൽ മാതാപിതാക്കളെ പ്രതികളാക്കി പോരാട്ടം ദുർബലപ്പെടുത്താമെന്ന് സിബിഐയും ഇതിലെ യഥാർഥ പ്രതികളും അവരെ സംരക്ഷിക്കുന്നവരും ആശ്വസിക്കേണ്ടതില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടം നിയമപരമായും ജനകീയമായും തുടരുമെന്നും സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ പറഞ്ഞു.
യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമെന്ന് വാളയാർ നീതിസമരസമിതി
പാലക്കാട്: സിബിഐയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും സർക്കാരിനൊപ്പംചേർന്ന് സിബിഐയും കേസ് അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്നും വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ കുട്ടികളുടെ അമ്മ. വാളയാറിലെ പെൺകുട്ടികൾ മരിച്ച കേസിൽ തന്നെയും ഭർത്താവിനെയും പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചതിനോടു പ്രതികരിക്കുകയായിരുന്നു കുട്ടികളുടെ അമ്മ.
നിരപരാധിത്വം തെളിയിക്കുമെന്നും അവർ പറഞ്ഞു.സിബിഐയിലും ഭേദം പോലീസായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്. പ്രതികളെ കണ്ടെത്താനാവാത്തതിന് അച്ഛനെയും അമ്മയെയും പ്രതിചേർക്കുകയാണ് ഇപ്പോൾ. യഥാർഥപ്രതികളിലേക്ക് എത്താൻ പോലീസിനെപ്പോലെ സിബിഐക്കും പേടിയാണെന്നും അവർ പറഞ്ഞു.
പ്രതികളെ സംരക്ഷിക്കാൻ സർക്കാരിനൊപ്പം ഒത്തുകളിക്കുകയാണു സിബിഐ. എഴുത്തും വായനയും അറിയാത്ത അച്ഛനമ്മമാരെ പ്രതിചേർത്താൽ അവർ മിണ്ടാതിരിക്കുമെന്നാവും വിചാരം. അതു നടക്കില്ല.
എന്തുകൊണ്ടാണ് തങ്ങളെ പ്രതികളാക്കിയത് എന്നു സിബിഐയെക്കൊണ്ട് പറയിപ്പിക്കും. കേസിൽ നിയമപരമായ പോരാട്ടം നടത്തുന്നതിനൊപ്പം നീതിക്കുവേണ്ടി സമരവും നടത്തുമെന്ന് അവർ പറഞ്ഞു.