വാളയാർ: സംസ്ഥാനതിർത്തിയിലെ വാളയാർ ഡാം വരണ്ടുതുടങ്ങിയതോടെ വാളയാറിലും അതിർത്തിമേഖലയും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലേക്ക്. അതിർത്തി മേഖലയിൽപ്പെടുന്ന എലപ്പുള്ളി, പുതുശ്ശേരി, കഞ്ചിക്കോട് ഭാഗത്തെ ഭൂരിഭാഗം ജനങ്ങളും കാർഷികാവശ്യത്തിനായി ആശ്രയിക്കുന്നത് വാളയാർ അണക്കെട്ടിനെയാണ്. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയകാലത്തുണ്ടായ മഴയിൽ മാത്രമാണ് ചരിത്രത്തിലാദ്യമായി വാളയാർ അണക്കെട്ട് നിറഞ്ഞ് സംഭരണ ശേഷിയായ 203 മീറ്ററിലെത്തിയത്.
എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിലെ അണക്കെട്ടിലെ ജലനിരപ്പ് 193.89 ആയിരുന്നെങ്കിൽ ഇപ്പോഴത്തെ സ്ഥതി 193.83 ആണ്. വേനലിൽ സുരക്ഷാ മുൻകരുതൽ വേണം വാളയാർ അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിട്ടെങ്കിലും കിഴക്കൻ പ്രദശമായിട്ടും തുലാവർഷം ദുർബലമായതാണ് അണക്കെട്ടിലെ ജലനിരപ്പുകുറയാൻ കാരണമായത്.
കഴിഞ്ഞാഴ്ച പെയ്ത വേനൽ മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് കാര്യമായ വ്യത്യാസം വരുത്തിയില്ല.
നിലവിലെ സാഹചര്യത്തിൽ മേഖലയിലെ കർഷകർക്കായി വെള്ളം കനാലുകളിലൂടെ തുറന്നുവിട്ടെങ്കിലും അണക്കെട്ടിൽ ലക്ഷക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നതിനായി ഇട്ടിട്ടുള്ളതിനാൽ വെള്ളം ഇവയുടെ സംരക്ഷണത്തിനായി നിർത്തിയിരിക്കുകയാണ്. എന്നാൽ ഇനിയും വേനലിന്റെ കഠിന്യമുയർന്നാൽ മീനുകളുടെ പ്രത്യുത്പാദനശേഷിയെ കാര്യമായി ബാധിക്കുമെന്നും അവ കൂട്ടത്തോടെ ചാകാനുള്ള സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയിലാണ് ഡാം അധികൃതർ.
വേനൽ കനത്ത സാഹചര്യത്തിൽ ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ ജല നിരപ്പും ക്രമാതീതമായി താഴുകയാണ്.
വേനൽ മഴ കാര്യമായി ലഭിക്കാത്തതുമൂലം ഇനിയുള്ള പ്രതീക്ഷ ഇടവപ്പാതിയിൽ മാത്രമാണ്. ജില്ലയിലെ അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ ചെളിനീക്കം ചെയ്യാത്തതും അണക്കെട്ടുകളിലെ സംഭരണശേഷിയെ ബാധിക്കുന്നു.
ഇടവപ്പാതിയിലും കാര്യമായ മഴ ലഭിച്ചില്ലെങ്കിൽ വാളയാർ ഡാമിന്റെ സ്ഥിതി വളരെ ദയനീയമാകുന്ന അവസ്ഥയാണ്. അതിർത്തി പ്രദേശത്തിന്റെ വടക്കു തെക്കും പടിഞ്ഞാറും മേഖലകളിലെ ജനങ്ങൾ ആശ്രയിക്കുന്ന വാളയാർ അണക്കെട്ടിൽ ജലനിരപ്പു കുറയുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പ്രളയകാലത്ത് ജില്ലയിലെ അണക്കെട്ടുകളെല്ലാം നിറഞ്ഞകൂട്ടത്തിൽ ചരിത്രത്തിലാദ്യമായിട്ടാണെങ്കിലും വാളയാർ അണക്കെട്ടും നിറഞ്ഞപ്പോൾ അതിർത്തി മേഖലകളുടെ മനം നിറഞ്ഞു. കത്തിയെരിയുന്ന വേനലിൽ തുലാം മഴയും വേനൽ മഴയും പ്രതീക്ഷ കൈവെടിഞ്ഞപ്പോൾ ഇനി ഇടവപ്പാതിയിലെങ്കിലും കാര്യമായ മഴലഭിക്കില്ലെങ്കിൽ അതിർത്തിക്കാരുടെ ആശ്രയമായ വാളയാർ അണക്കെട്ടും കണ്ണീർചാലാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.