വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിക്കും. തൃശൂരിലായിരുന്നു ഇവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം.
വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തിരുന്നു.
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക് ഇറങ്ങുമെന്നു കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണു പാലക്കാട്ടെ സമരപ്പന്തലില്‍ വച്ച് അമ്മ തല മുണ്ഡനം ചെയ്തത്. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളോടുള്ള സര്‍ക്കാരിന്റെ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു.
തന്റെ കുഞ്ഞുങ്ങള്‍ക്കു മരണശേഷവും സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. 2017ലാണു 13ഉം 9ഉം വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.