പീറ്റർ ഏഴിമല
“അനന്തമജ്ഞാതമവര്‍ണനീയം
ഈ ലോകഗോളം തിരിയുന്ന നേരം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്ത്യന് കഥയെന്തുകണ്ടു’
പയ്യന്നൂര്‍ ഏച്ചിലാംവയലിലെ വാനനിരീക്ഷണ കേന്ദ്രമായ “ആസ്ട്രോ’യ്ക്കുള്ളില്‍ രേഖപ്പെടുത്തിയിരിക്കുന്ന നാലപ്പാട്ട് നാരായണമേനോന്റെ വരികളാണിത്.
ഡിസംബര്‍ 26 ന് അത്യപൂര്‍വ ഭാഗ്യമായ വലയസൂര്യഗ്രഹണം നടക്കുകയാണ്. ഒരുകാലത്ത് അജ്ഞതയും രഹസ്യങ്ങളുമായിരുന്ന പ്രപഞ്ചത്തിലെ പ്രതിഭാസങ്ങള്‍ ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമാകുന്ന ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത് ശാസ്ത്രത്തിന്റെ നേട്ടമാണ്. ഇത്തരത്തിലുള്ള പഠനങ്ങളാണ് വലയ സൂര്യഗ്രഹണത്തെ പറ്റിയും വിസ്തൃതമായ ഈ ലോകത്തില്‍ എവിടെയെല്ലാം ഇത് ദര്‍ശിക്കാന്‍ കഴിയുമെന്ന മുന്‍കൂട്ടിയുള്ള തിരിച്ചറിവിന് പിന്നിലുള്ളതും.
നമ്മുടെ നാട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ഓര്‍മകളില്‍ പോലുമില്ലാത്ത വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ നാടൊന്നാകെ ഒരുങ്ങിയിരിക്കുകയാണ്. അടുത്ത കാലത്തൊന്നും ഇത്തരത്തിലുള്ള പ്രപഞ്ച പ്രതിഭാസം നടക്കാനുമിടയില്ല എന്ന് മൂന്നര പതിറ്റാണ്ടായി വാന നിരീക്ഷണ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആസ്ട്രോ ഡയറക്ടറും റിട്ട.അധ്യാപകനുമായ വെള്ളൂരിലെ കെ. ഗംഗാധരന് പറഞ്ഞു. ഗ്രഹണങ്ങളേപറ്റി അദ്ദേഹം സമഗ്രമായ വിശദീകരണവും നല്കി.
ഒരുകാലത്ത് ഗ്രഹണത്തെ പേടിച്ച് വീട്ടിലിരുന്നിരുന്നവരും ഈ അത്യപൂര്‍വ്വ പ്രതിഭാസം വീക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഈ വലയ സൂര്യഗ്രഹണത്തിന്റെ ദര്‍ശന ഭാഗ്യം സിദ്ധിച്ചത് ലോകത്തില്‍ കേരളക്കരയ്ക്ക് മാത്രമാണ്.
വലയ സൂര്യഗ്രഹണം പൂര്‍ണമായ രീതിയില്‍ കാണാന്‍ കഴിയുന്നത് കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് എന്ന പ്രത്യേകതയുണ്ട്. ചെറുവത്തൂര്‍ തൈക്കടപ്പുറം മുതല്‍ തലശേരി വരെയുള്ള പ്രദേശങ്ങളിലും ഇതിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വലയ സൂര്യഗ്രഹണം പൂര്‍ണമായ രീതിയില്‍ ദര്‍ശിക്കാന്‍ കഴിയും. പ്രത്യേകിച്ച് പയ്യന്നൂര്‍, കണ്ണൂര്‍, കല്‍പ്പറ്റ എന്നിവിടങ്ങളില്‍.
ലോകത്തില്‍ മറ്റൊരിടത്തും ഇത്തവണത്തെ സൂര്യഗ്രഹണം വലയരൂപത്തില്‍ കാണുവാന്‍ കഴിയില്ല എന്നതിനാല്‍ ഈ വാനപ്രതിഭാസം കാണുവാനും പഠിക്കുവാനുമായി വിദേശ ശാസ്ത്ര പഠന സംഘങ്ങളും ഇവിടെ എത്തുന്നുണ്ട്. ഗ്രഹണ പ്രതിഭാസം പരമാവധി ജനങ്ങളിലെത്തിക്കുന്നതിനായി പയ്യന്നൂര്‍ ഏച്ചിലാംവയലിലെ വാന നിരീക്ഷണ കേന്ദ്രമായ ആസ്ട്രോ വിപുലമായ പദ്ധതികളും തയ്യാറാക്കിക്കഴിഞ്ഞു.
ഇതിന്റെ ചുവടുപിടിച്ച് വിവിധ വിദ്യാലയങ്ങള്‍, കോളജുകള്‍ എന്നിവിടങ്ങളിലും വലയ സൂര്യഗ്രഹണം വീക്ഷിക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പൊതുജനങ്ങളും ഈ അപൂര്‍വ്വ ദൃശ്യം നിരീക്ഷിച്ചിരിക്കണമെന്ന ലക്ഷ്യത്തോടെയുള്ള പരിശീലന ക്ലാസുകളും വ്യാപകമായി സംഘടിപ്പിക്കപ്പെടുന്നുണ്ട്.
വലയസൂര്യഗ്രഹണത്തിന്റെ സമയം
26ന് രാവിലെ 8.04 മുതലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. കണ്ണൂരില്‍ 9.26നും പയ്യന്നൂര്‍, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ 9.27നും സൂര്യഗ്രഹണത്തിന്റെ വലയരൂപം പൂര്‍ണമാകും. വലയ സൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം 2.56 മിനിട്ടാണ്.
കല്‍പ്പറ്റയില്‍ ഇത് മൂന്ന് മിനിട്ട് വരെയാകാം. തുടര്‍ന്ന് 11.04 വരെ ഭാഗിക ഗ്രഹണമാണുണ്ടാവുക. അന്ന് സൂര്യോദയത്തിന് അല്പം മുമ്പ് ചന്ദ്രന് ഉദിക്കുമെങ്കിലും സൂര്യപ്രഭയില്‍ ചന്ദ്രനെ കാണാന്‍ കഴിയില്ല. എട്ടാകുമ്പോള്‍ സൂര്യന്റെ ക്രാന്തിവൃത്തം പൊളിച്ച് ചന്ദ്രന് തെക്കോട്ട് സഞ്ചരിക്കും. ഈ സമയം മുതല്‍ ചന്ദ്രന് സൂര്യനെ മറയ്ക്കാന്‍ തുടങ്ങും. വടക്ക് നിന്നും തെക്കോട്ട് ചന്ദ്രന് സൂര്യനെ മറച്ച് കടക്കുന്നതിനെ കേതുവെന്ന് വിളിക്കുന്നു. 26ന് ചന്ദ്രന്റെ സ്ഥാനം കേതുവായിരിക്കുമെന്നര്ഥം.
എന്താണ് സൂര്യഗ്രഹണം
ഭൂമിയില്‍നിന്നും 3,84,500 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രന്. ഇതിന്റെ നാന്നൂറ് മടങ്ങ് ദൂരത്തോളം ഏകദേശം ഒന്നര കോടിയോളം കിലോമീറ്റര്‍ അകലെയാണ് സൂര്യന്. ചന്ദ്രന് ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നുപോകുമ്പോള്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ആ നിഴലില്‍ നില്‍ക്കുന്നവര്‍ക്ക് ചന്ദ്രന്റെ മറവുകാരണം സൂര്യനെ കാണാന്‍ പറ്റാതെ വരുന്നതാണ് സൂര്യഗ്രഹണം.
എന്താണ് വലയ സൂര്യഗ്രഹണം
ചന്ദ്രന്റെ കടുംനിഴല് (അമ്പ്ര)വീഴുന്നിടത്ത് പൂര്‍ണഗ്രഹണവും വെളിച്ചത്തിന്റെ അംശത്തോടുകൂടിയ നിഴലില്‍(പെനമ്പ്ര) നില്‍ക്കുന്നവര്‍ക്ക് ഗ്രഹണം ഭാഗികമായും അനുഭവപ്പെടും.
ചന്ദ്രന്റെ ഭ്രമണപഥം ദീര്‍ഘ വൃത്താകൃതിയിലായതിനാല്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം കൂടിയും കുറഞ്ഞുമിരിക്കും. ചന്ദ്രന് ഭൂമിയോട് കൂടുതല്‍ അടുത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ (പെരിജി) സൂര്യഗ്രഹണമുണ്ടാവുകയാണെങ്കില് അത് പൂര്ണഗ്രഹണമാകാനുള്ള സാധ്യതയാണ് കൂടുതല്‍.
ചന്ദ്രന് ഭൂമിയില്‍നിന്നും കൂടുതല്‍ അകന്നിരിക്കുന്ന സന്ദര്‍ഭത്തില്‍ (അപ്പോജി) ചന്ദ്രന് സൂര്യനെ പൂര്‍ണമായും മറയ്ക്കാന്‍ കഴിയില്ല.ഈ സമയത്ത് ചന്ദ്രന് ചുറ്റും സൂര്യന്റെ പ്രഭാവലയം കാണാനാകും. ഈ പ്രതിഭാസത്തിനെയാണ് വലയ ഗ്രഹണം എന്ന് വിളിക്കുന്നത്.
ഗ്രഹണം നിരീക്ഷിക്കുന്നതെങ്ങിനെ
ഗ്രഹണ സമയത്ത് മാത്രമല്ല ഒരിക്കലും സൂര്യനെ നഗ്നനേത്രം കൊണ്ട് നോക്കരുത്. എന്നാല്‍ എത്ര ശ്രദ്ധിച്ചാലും സൂര്യഗ്രഹണ സമയങ്ങളില്‍ സൂര്യനെ സൂക്ഷ്മതയോടെ നോക്കാന്‍ സാധ്യതയുള്ളതിനാല്‍ നമ്മള് കൂടുതല്‍ ജാഗ്രത പാലിക്കണം. സണ്‍ഫില്‍ട്ടര്‍ പേപ്പറുകളുപയോഗിച്ച് നോക്കുന്നതാണ് കൂടുതല്‍ ഉചിതം.
ടെലസ്കോപ്പ്, ബൈനോക്കുലര്‍ എന്നിവ ഉപയോഗിക്കുന്നവര്‍ മുന്‍വശം ഫില്‍ട്ടര്‍ പേപ്പര്‍ കൊണ്ട് മറച്ചശേഷം സൂര്യന് നേരെ തിരിച്ചുവച്ച് പ്രതിബിംബമാണ് നോക്കേണ്ടത്. തുടര്‍ച്ചയായി മൂന്ന് മിനിട്ടോളം സൂര്യഗ്രഹണം നിരീക്ഷിക്കുന്നതും നന്നല്ല.
ഭക്ഷണം കഴിക്കാമോ
ഗ്രഹണ സമയങ്ങളില്‍ ഭക്ഷണം കഴിക്കരുതെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. ഗ്രഹണ സമയത്ത് ഒരു തരത്തിലുള്ള വിഷാംശവും അന്തരീക്ഷത്തില്‍ കലരുന്നില്ല.
ഈ സമയത്ത് വിഷരശ്മികള്‍ ഭൂമിയില്‍ പതിക്കുന്നുമില്ല. അതിനാല്‍ ഗ്രഹണസമയത്ത് വീടുകള്‍ക്ക് പുറത്തിറങ്ങാനും ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നതിനും മടിക്കേണ്ടതില്ല.
സംശയ ദുരീകരണങ്ങളായ സ്ഥിതിക്ക് ഇനി നമുക്ക് നിര്‍ഭയമായി വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാം.