ഹൂസ്റ്റൺ: പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നു സഹോദരിയുടെ പരാതിയെ തുടർന്നു രണ്ടു സഹോദരന്മാരും കൂട്ടുകാരും ചേർന്ന് വളർത്തച്ഛനെ കൊലപ്പെടുത്തി.
ഗബ്രിയേൽ ക്വന്റനില എന്ന നാല്പത്തിരണ്ടുകാരനാണ് മർദ്ദനത്തെ തുടർന്നു കൊല്ലപ്പെട്ടത്.
സംഭവത്തിൽ സഹോദരങ്ങളായ ക്രിസ്ത്യൻ ട്രിവിൻ (17), അലജാൻട്രോ ട്രിവിൻ (18), ഇവരുടെ സുഹൃത്തായ എഡ്വാർഡോ മെലന്റസ് (19) എന്നിവരാണ് അറസ്റ്റിലായത്.
ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടിയിലാണ് സംഭവം. അപ്പാർട്ട്മെന്റിലെത്തിയ സഹോദരന്മാർ വളർത്തച്ഛനുമായി ഇതുസംബന്ധിച്ച് തർക്കത്തിലേർപ്പെടുകയും തുടർന്നു കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.
ഇവിടെനിന്നും രക്ഷപെട്ട ഗബ്രിയേൽ മറ്റൊരിടത്ത് അഭയം പ്രാപിച്ചെങ്കിലും യുവാക്കൾ അവിടെയെത്തിയും മർദ്ദനം തുടരുകയായിരുന്നു.
ഒടുവിൽ നിലത്തുവീണ ഗബ്രിയേലിനെ അവിടെ ഉപേക്ഷിച്ച ശേഷം മൂവരും അപ്പാർട്ടുമെന്റിനു സമീപം എത്തി.
ഈ സമയം വീണ്ടും അപ്പാർട്ടുമെന്റിലെത്തിയ ഗബ്രിയേലിനെ മൂവരും ചേർന്ന് ഒരു ട്രക്കിന്റെ പുറകിലിട്ട് സമീപത്തുള്ള മൈതാനത്ത് ഉപേക്ഷിച്ചു.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഗബ്രിയേൽ അവിടെകിടന്നു മരിച്ചു. തൊട്ടടുത്ത ദിവസം ഒരു കർഷകനാണ് മൈതാനത്ത് ഗബ്രിയേലിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്. ഇവർക്കെതിരെ കൊലപാതക കുറ്റത്തിനു കേസെടുത്തിട്ടുണ്ടെന്ന് ഹിഡൽഗ പോലീസ് അറിയിച്ചു.
ഓമന ചെറിയാൻ