പാലക്കാട് : അപ്രതീക്ഷിതമായി ജെസിഐ ഒലവക്കോടിന്റെ അംഗങ്ങൾ വീട്ടിലെത്തിയപ്പോൾ എണ്പതു പിന്നിട്ട സയ്യദ് മുഹമ്മദിന് ആദ്യം തെല്ലു പരിഭ്രമം, കാര്യമറിഞ്ഞപ്പോൾ ഭാര്യ സുബൈദക്ക് തെല്ലു നാണവും. പിന്നെ പിന്നിട്ട അറുപതു വർഷത്തെ പ്രണയ വഴികളെക്കുറിച്ചുള്ള നിറമുള്ള ഓർമ്മകൾ അവർ യുവ തലമുറയുമായി പങ്കുവെച്ചു.
പിരിയുന്പോൾ പ്രണയദിന സമ്മാനവും നൽകിയാണ് സന്ദർശകർ മടങ്ങിയത്.ജെസിഐ ഒലവക്കോട് വാലൻറ്റൈൻസ് ദിനത്തിൽ സംഘടിപ്പിച്ച 50 വർഷം പിന്നിട്ട പ്രണയങ്ങൾ എന്ന ആശയത്തിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
വിവാഹ ജീവിതത്തിൽ അൻപതു വർഷങ്ങൾ പിന്നിട്ട കാർത്യായനി- ഗോപി, ചെല്ലമ്മ -തങ്കപ്പൻ എന്നീ മറ്റു രണ്ടു ദന്പതിമാരെയും ജെസിഐ ഒലവക്കോട് അംഗങ്ങൾ സന്ദർശിച്ചു.
പ്രസിഡന്റ് വർഷ എസ്. കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജെസിഐ ഇന്ത്യ ജനറൽ ലീഗൽ കൗണ്‍സൽ അഡ്വ.സിദ്ധീഖ്, മേഖലാ പ്രസിഡന്റ് ഡോ.സുശാന്ത്, മേഖലാ ഭാരവാഹികളായ ചിത്ര കെ.എസ്, ബഷീർ സി.കെ, ബിമൽ കുമാർ എന്നിവർ പങ്കെടുത്തു. വനിതാ വിഭാഗം അധ്യക്ഷ നസീമ സ്വാഗതവും സെക്രട്ടറി ദിവ്യ നന്ദിയും പറഞ്ഞു.