സ്വന്തം ലേഖകൻ
തൃശൂർ: പ്രണയസ്മരണകൾ പെയ്തിറങ്ങുകയാണ് ഓരോ കാന്പസിലും…. ഞായറും കോവിഡും കവർന്ന പ്രണയദിനം എത്തിയപ്പോള്‍ പ്രണയം പൂത്തുലഞ്ഞ കാന്പസുകൾ ശൂന്യം….
പ്രണയസല്ലാപങ്ങളില്ല, പ്രണയാഭ്യർത്ഥനകളില്ല, പ്രണയസന്ദേശങ്ങൾ നേരിൽ കൈമാറാനാരുമില്ല…
വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്ക് ഇത്തവണ കലാലയങ്ങളിൽ ഇടമില്ല.കോവിഡ് മൂലം അടഞ്ഞുകിടക്കുന്ന കലാലയങ്ങളിൽ അവസാനവർഷക്കാർക്ക് മാത്രമേ ഇപ്പോൾ ക്ലാസുകളുള്ളു.
അതും ഒന്നിടവിട്ട ദിവസങ്ങളിൽ. ഒരേ ക്ലാസിൽ പഠിക്കുന്നവർക്ക് പോലും പരസ്പരം കാണാനാവാത്ത കോവിഡ് കാലത്തെ കാന്പസ് ജീവിതം.
എല്ലാം ഓണ്‍ലൈൻ വഴി മാത്രമാകുന്ന പുതിയ കാലം….പോരാത്തതിന് വാലന്റൈൻസ് ഡേ വരുന്നത് ഞായറാഴ്ചയും….
പനിനീർപൂക്കളും ചോക്ലേറ്റും സ്നേഹോപഹാരങ്ങളും പ്രണയിക്കുന്നവർ പരസ്പരം കൈമാറിയിരുന്ന വാലന്റൈൻസ് ഡേ കാന്പസ് ഇത്തവണയില്ല.
അടഞ്ഞുകിടക്കുന്ന ക്യാന്പസുകളിലൂടെ വാലന്റൈൻസ് ഡേയുടെ തലേന്നാൾ വെറുതെ ഒന്നു കറങ്ങിയപ്പോൾ നരച്ച മഞ്ഞ നിറമുള്ള ചുമരുകളിൽ കറുത്ത മഷികൊണ്ട് ആരോ വരഞ്ഞിട്ട ലൗ ചിഹ്നം പാതി മാഞ്ഞുപോയിരിക്കുന്നു.
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും….എന്ന വരികൾ മറ്റൊരു ചുമരിൽ കാലം മായ്ക്കാതെ കിടക്കുന്നു.
പ്രണയം എല്ലായിടത്തുമുണ്ടെങ്കിലും അതിന്റെ ആഘോഷം കാന്പസിലായിരുന്നു എന്ന് ഇപ്പോൾ ഒരിക്കൽ കൂടി തിരിച്ചറിയുന്നു.
ഈ കാലവും മാറും….പൂത്തുലയാൻ കഴിയാതെ പോയ ഈ വർഷത്തെ കുറവു കൂടി തീർത്ത് അടുത്ത വർഷം വാലന്റൈൻസ് ഡേയിൽ കാന്പസുകളിൽ പ്രണയം പൂത്തുലയും എന്ന് പ്രതീക്ഷയോടെ പറഞ്ഞ കാമുകൻമാരും കാമുകിമാരും ഏറെയായിരുന്നു.
വാട്സാപ്പിൽ പ്രണയസന്ദേശങ്ങൾ പെരുമഴയായ് പെയ്തിറങ്ങാൻ തുടങ്ങിക്കഴിഞ്ഞു….ഹാപ്പി വാലന്റൈൻസ് ഡേ…