വാലന്റൈൻസ് ഡേ അഥവാ പ്രണയദിനമാണ് ഇന്ന്. പ്രണയത്തിനായി മാറ്റിവച്ച ഒരു ദിനം. ഇതു കേട്ടാൽ തോന്നും ഈ ഒരു ദിവസം മാത്രമേ പ്രണയിക്കാവൂ എന്ന്. എന്നാൽ പ്രണയത്തിനു നേരവും കാലവും മൂക്കും കണ്ണും ഒന്നും ഇല്ല. ആർക്കും ആരെയും എപ്പോൾ വേണമെങ്കിലും പ്രേമിക്കാം. ഒരു മനുഷ്യജീവിതത്തിൽ ഇതെല്ലാം സാധാരണ സംഭവിക്കുന്ന കാര്യങ്ങൾ ആണ്.
എന്നാൽ പ്രേമിച്ചു പ്രേമിച്ച് നിരാശയിൽ ആണ്ടുപോയിട്ടുള്ളവരും ഇതേത്തുടർന്ന് ആത്മഹത്യ നടത്തിയവരും ധാരാളമുണ്ട്. ഇത് ഒരു സന്തോഷം കൊണ്ടുവരുന്ന ദിനമാണ്, പ്രത്യേകിച്ച് കോളജ് വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും മനസുതുറന്ന് ആഘോഷിക്കാവുന്ന ഒരു ദിവസം. ഇത് മറ്റുള്ള നാടുകളിൽ പണ്ടുമുതലേ ആഘോഷിക്കുന്നുണ്ട്. എന്നാൽ നമ്മുടെ നാട്ടിലേക്ക് ഈ അടുത്ത കാലത്താണ് എത്തിയത്.
വെസ്റ്റേൺ രാജ്യങ്ങളിൽ ഇതിനു സെന്റ് വാലന്റൈൻസ് ഡേ എന്നാണ് പറയുന്നത്. അന്നുണ്ടായിരുന്ന ഒരു പരിശുദ്ധനെ ആദരിക്കുന്ന ഒരു തിരുനാൾ ആയി കണക്കാക്കുന്നു. പണ്ടുകാലത്ത് റോമിൽ പടയാളികൾ വിവാഹിതരാകാൻ പാടില്ല എന്ന നിയമമുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് വാലന്റൈൻ പരിശുദ്ധൻ ആരും അറിയാതെ രഹസ്യമായി പലർക്കും വിവാഹം നടത്തിക്കൊടുക്കുകയും, പ്രണയിക്കുന്നവരെ തമ്മിൽ അടുപ്പിക്കുകയും ചെയ്തു.
അദ്ദേഹം ചെയ്തത് നല്ല കാര്യമായിരുന്നുവെങ്കിലും നിയമത്തിന്റെ മുമ്പിൽ അദ്ദേഹം തെറ്റുകാരനായി കണക്കാക്കപ്പെട്ടു. തുടർന്ന് ജയിലിൽ അടച്ച അദ്ദേഹത്തെ ഏറെ താമസിക്കാതെ തൂക്കിലേറ്റുകയും ചെയ്തു. അന്ന് അത് പലർക്കും മനസിൽ വലിയ വേദനയുളവാക്കിയ കാര്യമായിരുന്നു. പിന്നീട് പതിനാലാം നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ മരണ ദിനമായ ഫെബ്രുവരി 14 പ്രേമത്തിന്റെ ദിവസമായി ആഘോഷിക്കാൻ തുടങ്ങി.
എന്നാൽ അത് ഒരു അവധി ദിവസമായി ഒരിടത്തും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ആഘോഷങ്ങൾ നടന്നു. അങ്ങനെ 18-ാം നൂറ്റാണ്ടിൽ ഇത് കുറെക്കൂടെ പരസ്യമായി സമ്മാനങ്ങൾ കൈമാറിയും ആഘോഷിക്കാൻ തുടങ്ങി. ആദ്യമൊക്കെ പൂക്കൾ കൈമാറുമായിരുന്നു. അതും ചുവന്ന റോസാപൂക്കൾ. സ്നേഹത്തിന്റെയും ഹൃദയത്തിന്റെയും തനിനിറം എന്നാണ് കടുംചുവപ്പിനെ വിശേഷിപ്പിച്ചത്.
പിന്നീട് ചോക്ലേറ്റ്സ്, ആശംസാ കാർഡുകൾ, ഹൃദയത്തിന്റെ ആകൃതിയിലുള്ള കേക്കുകൾ, ആഭരണങ്ങൾ എന്നിങ്ങനെ പലതും സമ്മാനത്തിന്റെ പട്ടികയിൽ കയറിപ്പറ്റി. യൂറോപ്പിൽ സെന്റ് വാലന്റൈൻസ് താക്കോലുകൾ തന്റെ കാമുകിക്കോ കാമുകനോ കൊടുക്കും. ഇതുകൊണ്ട് ആ കൊടുക്കുന്ന ആളിന്റെ ഹൃദയം തുറക്കാനുള്ളതാണത്രേ. അങ്ങനെ പലതരം കളിതമാശകൾ ഈ വാലന്റൈൻസ് ദിനത്തിൽ നടക്കാറുണ്ട്.
ഓമന ജേക്കബ്