വാലന്റൈന്‍സ് ദിനം എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഫെബ്രുവരി 14 പ്രണയജോഡികള്‍ക്കും പ്രണയം തുറന്നുപറയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെയധികം സന്തോഷം പകരുന്ന ദിവസമാണ്. പരസ്പരമുള്ള ഇഷ്ടം തുറന്നുപറയുന്നതിനും സമ്മാനങ്ങളും പൂക്കളും കൈമാറുന്നതിനും ഇതിലും നല്ലൊരു ദിനമില്ലെന്നാണ് ഒട്ടുമിക്ക ആളുകളും കരുതുന്നത്. അങ്ങനെ ഈ വര്‍ഷത്തെ വാലന്റൈന്‍സ് ദിനവും എത്തിക്കഴിഞ്ഞു.
സാമൂഹ്യമാധ്യമങ്ങള്‍ പ്രണയ ചിത്രങ്ങളും ആശംസകളും അനുഭവങ്ങളും കൊണ്ടു നിറയുകയാണ്. ഇതില്‍ ചിലത് ആഗോള ശ്രദ്ധനേടും. അത്തരം ഒരു പ്രണയ ചിത്രമായിരുന്നു തായ്‌ലന്‍ഡ് സ്വദേശി റെയ്ന്‍ യോകോഹാമ എന്ന യുവാവിന്റേത്. റെയ്‌ന്റെ ഫേയ്‌സ്ബുക്ക് കാമുകിയ്‌ക്കൊപ്പമുള്ള ഫോട്ടോകള്‍ കൊണ്ടു നിറയുകയാണ്. കാമുകിയെ ചുംബിക്കുന്നതും കൈകള്‍ ചേര്‍ത്തുവയ്ക്കുന്നതും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും അങ്ങനെ മനോഹരമായ കുറേ ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ കണ്ടു കാമുകിമാരില്ലാത്ത പല പുരുഷന്മാരും നിരാശപ്പെട്ടു. തനിക്കും ഇങ്ങനെ ഒരു കാമുകിയുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിച്ചു.
എന്നാല്‍ കഥയിലെ ട്വിസ്റ്റ് ഇങ്ങനെയൊന്നുമല്ല. ഇതു ഫോട്ടോഗ്രഫിയുടെ ഒരു തന്ത്രമാണ്. യഥാര്‍ത്ഥത്തില്‍ ഈ ഫോട്ടോകളില്‍ ഒരു വ്യക്തി മാത്രമേയുള്ളു. അത് ഈ യുവാവു മാത്രമാണ്. പിന്നെ കാമുകിയാണെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ അടിപൊളിയൊരു വിഗ്ഗും. കൈവിരലുകളില്‍ നെയില്‍ പോളിഷ് പൂശി കൈകള്‍ സ്ത്രീകളുടേതു പോലെയാക്കിയ ശേഷമായിരുന്നു ഈ കിടിലന്‍ ഫോട്ടോ ഷൂട്ട്. എല്ലാ ചിത്രങ്ങളും ഒരുപോലെ അതിശയിപ്പിക്കുന്നതായിരുന്നു. എന്തായാലും ഈ ചിത്രങ്ങള്‍ കണ്ടു റെയിന്‍ ലോകത്തിലെ തന്നെ മികച്ച ഫോട്ടോഗ്രറാണെന്നും നല്ല ക്രിയേറ്റിവിറ്റിയുള്ളയാളാണെന്നുമാണ് ആളുകള്‍ പറയുന്നത്.