കൊച്ചി: തൃശൂർ റൂറൽ എസ്പി ജി. പൂങ്കുഴലി പീഡന കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ഇരയുടെ പരാതി. ഒളിംപ്യൻ മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാൻ പൂങ്കുഴലി ശ്രമിച്ചെന്നാണ് ആരോപണം.
ഇത് സംബന്ധിച്ച് പീഡനത്തിനിരയായ യുവതി ഡിജിപിക്ക് പരാതി നൽകി. ആളൂർ സിഐക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
2016 ജുലൈയിൽ ചുങ്കത്ത് ജോൺസൺ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചതെന്ന് മയൂഖ ജോണി ആരോപിച്ചിരുന്നു.
യുവതി അന്ന് അവിവാഹിതയായിരുന്നു. കുടുംബത്തിനുണ്ടാകുന്ന മാനക്കേട് ഒഴിവാക്കാന്‍ അന്ന് പരാതി നല്‍കിയില്ല.
പിന്നീട് വിവാഹം കഴിഞ്ഞ യുവതിയെ, ബലാത്സംഗം ചെയ്തപ്പോൾ ചിത്രീകരിച്ച വിഡിയോ പുറത്തുവിടുമെന്ന് ജോൺസൺ ഭീഷണിപ്പെടുത്തി.
താമസ സ്ഥലത്തുവന്ന് ഗുണ്ടകളെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് പരാതി നല്കാന് തീരുമാനിച്ചു.
2021 മാര്‍ച്ചില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. യുവതിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല.