തൃക്കരിപ്പൂർ: ലോക വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം നേടിയ വലിയപറന്പിലെത്തുന്ന സഞ്ചാരികളെ മാടി വിളിക്കുന്നത് അപകട തുരുത്ത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ മൂന്ന് പേരുടെ മരണം ഇവിടെ നടന്നു. ബീച്ചിൽ കുളിക്കുന്നതിനിടെ പ്രദേശത്തെ രണ്ട് പേരും ആറ് വർഷം മുന്പ് ചുഴിയിൽ പെട്ട് മരിച്ചിരുന്നു.
കഴിഞ്ഞ 12നാണ് സുഹൃത്തുക്കളോടപ്പം കളിക്കുന്നതിനിടെ പൂച്ചോലിലെ തഫ്സീർ ഒടുവിൽ അപകടത്തിൽ പെട്ടത്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ധാരാളം സഞ്ചാരികൾ സമയം ചെലവിടാൻ വലിയപറന്പ് ബീച്ചിലും പുലിമുട്ടിലും എത്തുന്നുണ്ട്. യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ അശ്രദ്ധമായി കടലിറങ്ങുന്നതാണ് അപകടത്തിനിടയാക്കുന്നത്.
അഴിത്തലക്കും മാവിലാകടപ്പുറത്തിനിടയിലുളള കടലിടുക്കിൽ മണൽ തിട്ടയിലിടിച്ച് മത്സ്യ ബന്ധന ബോട്ടുകൾ മറിയുന്നതിന് പരിഹാരമായാണ് അഞ്ച് വർഷം മുന്പ് ഇരുകരകളിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ സംരക്ഷണ ഭിത്തികൾ നിർമിച്ചത്. 10 മീറ്റർ ഉയരത്തിൽ കരിങ്കല്ലുകൾ പാകിയാണ് പുലിമുട്ട് നിർമിച്ചത്. ആർത്തിരച്ച് വരുന്ന തിരമാലകൾ കല്ലുകളിൽ ഇടിച്ച് ഉയർന്ന് പൊങ്ങുന്നത് കാമറയിൽ പകർത്താൻ ശ്രമിക്കുന്നതാണ് അപകടത്തിന് പ്രധാനമായും കാരണമാകുന്നത്.
ശക്തമായ തിരമാലകൾ കാരണം കല്ലുകൾ ഇളകി തുടങ്ങുകയും ദിശ മാറിയതും അറിയാതെ കല്ലുകളിൽ ഇറങ്ങുന്നതും അപകടം ക്ഷണിച്ച് വരുത്തുന്നു. കല്ലുകളിൽ പായലും രൂപപെട്ടതോടെ എളുപ്പം രക്ഷപെടാനുളള മാർഗവും ശ്രമകരമാണ്. പുലിമുട്ടിന് നൂറ് മീറ്റർ മാറിയാണ് അഴീത്തലയിൽ തീരദേശ പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.ചിത്താരി കടപ്പുറം മുതൽ ഏഴിമല നാവിക അക്കാദമി വരെയുളള 12 നോട്ടിക്കൽ മൈൽ ദൂരവും ഈ സ്റ്റേഷൻ പരിതിയിലാണ്.
ഒരു എസ്ഐ രണ്ട് വീതം അഡീഷണൽ, ഗ്രേഡ് എസ്ഐ മാരുൾപെടെ 27 പോലീസുകാരുണ്ട്. ദേശീയ നീന്തൽ താരം സൈഫുദ്ദീന്റെ നേതൃത്വത്തിലുളള വിദഗ്ദ്ധരായ സേനയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. കടലിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ പരിശോധിക്കുന്നതിനും സ്പീഡ് ബോട്ടും സജ്ജമാണ്.
പെട്ടന്നുളള അപകടത്തിൽ നിന്നും രക്ഷപെടുത്തുന്നതിനുളള ലൈഫ് ജാക്കറ്റ് ഉൾപെടെയുളള സംവിധാനങ്ങൾ ഇല്ലാത്തത് രക്ഷാ പ്രവർത്തനത്തിന് തടസമാവുന്നുണ്ട്. ഫിഷറീസിന്റെ രക്ഷാ പ്രവർത്തനത്തിനായുളള റസ്ക്യു വിഭാഗവും തൈക്കടപ്പുറത്ത് പ്രവർത്തിക്കുന്നുണ്ട്. തൃക്കരിപ്പൂർ ഫയർഫോഴ്സിന് കീഴിലുളള ലൈഫ് ബോയും കടലിലെ രക്ഷാ പ്രവർത്തനത്തിൽ സജീവമാണ്.
കഴിഞ്ഞആഴ്ച വലിയപറന്പ് ബീച്ചിലെ അപകടത്തിൽ പെട്ട തഫ്സീറിന്റെ മൃതദേഹം കടലിൽ വീണ് ഒന്നര മണിക്കൂറിനകം കണ്ടത്താൻ കഴിഞ്ഞത് മൂന്ന് വിഭാഗത്തിന്റെയും ഒന്നിച്ചുളള രക്ഷാ പ്രവർത്തന ഫലമായാണ്. ദിനം പ്രതി നൂറ് കണക്കിന് സഞ്ചാരികളെത്തുന്ന വലിയപറന്പിലും പുലിമുട്ടിലും രണ്ട് വീതം ലൈഫ് ഗാർഡും എയ്ഡ് പോസ്റ്റും സ്ഥാപിച്ചാൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ കരുത്താകും.