തിരുവനന്തപുരം: തീരദേശ പ്രദേശമായ വലിയതുറയിലേക്കു ഇന്നു കടന്നു ചെല്ലുന്ന ആരെയും കാത്തിരിക്കുന്നതു നിലവിളികളാണ്, ചങ്കു തകർക്കുന്ന നിലവിളികൾ.
ന്യൂനമർദത്തെത്തുടർന്നു കലികയറിയ കടൽ തീരത്തേക്കു കടന്നുകയറിയതോടെ നാലു വീടുകളാണ് തകർന്നടിഞ്ഞത്. മേൽക്കൂരയും ഭിത്തിയുമടക്കം വീടുകൾ തകർന്നടിഞ്ഞു.
തകർന്നുകിടക്കുന്ന വീടുകളുടെ മുന്നിലിരുന്നു വിലപിക്കുന്ന വീട്ടമ്മമാരുടെ ദൃശ്യം ആരുടെയും കരളലിയിക്കും. നിർമിച്ചിട്ട് ഒരു വർഷംപോലും തികയാത്ത വീടുകളും തകർന്നുവീണു.
കനത്ത മഴയിലും കടൽക്ഷോഭത്തിലും വലിയതുറ കൊച്ചു തോപ്പ് മേഖലയിലാണ് കടൽ കടന്നുകയറിയത്. ഇന്നലെയും ഇന്നുമായാണ് കടൽക്ഷോഭം തീരത്തു നാശം വിതച്ചത്.
ഇന്നു രാവിലെ യുണ്ടായ കടൽക്ഷോഭത്തിൽ വലിയതുറ കൊച്ചുതോപ്പിലെ ഫ്രെഡിയുടെ വീട് ഏതാണ്ട് പൂർണമായി തകർന്നു. വീടു നഷ്ടപ്പെട്ടവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി ഇനിയും ആരംഭിച്ചിട്ടില്ലെന്നു ഫ്രെഡി ദീപികയോടു പറഞ്ഞു.
ജോർജിന, ലിന്റ, ബേബി എന്നിവരുടെ വീടുകളും തകർന്നു. ശക്തമായ കാറ്റിൽ തെങ്ങുകളും കടപുഴകി വീണിട്ടുണ്ട്. മുപ്പതോളം വീടുകളിൽ വെള്ളം കയറിയ നിലയിലാണ്.
അധികൃതർ മേഖല സന്ദർശിച്ച് എത്രയും പെട്ടെന്നു മാറിത്താമസിക്കണമെന്ന് പറഞ്ഞെങ്കിലും എവിടേയ്ക്കു പോകുമെന്നറിയാതെ വിഷമിക്കുകയാണ് തങ്ങളെന്നാണ് ഇവർ ദീപികയോടു പറഞ്ഞു.
കൊച്ചു തോപ്പ് മേഖലയിൽ കടൽക്ഷോഭം ഇപ്പോഴും ശക്തമായി തുടരുകയാണ്.