വടക്കഞ്ചേരി: പന്തലാംപാടം-പനംകുറ്റി-വാൽക്കുളന്പ്-കോരഞ്ചിറ മലയോരപാതയിൽ രാപകൽവ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം റോഡിലേക്ക് ഇറങ്ങുന്നതിനാൽ ഇതിലൂടെ യാത്ര ഭീതിജനകം, പോത്തുചാടി, പനംകുറ്റി, താമരപ്പള്ളി ഭാഗങ്ങളിലാണ് ആനയിറങ്ങി വാഹനങ്ങൾക്കുനേരെ തിരിയുന്നത്. കൂടാതെ വ്യാപക കൃഷിനാശവും ഉണ്ടാക്കുന്നു.
രാജാജി, പ്രേമൻ, ബാബു, സുനിൽ, അനിൽ, നെല്ലിക്കൽ തങ്കൻ, ദ്വാരക എസ്റ്റേറ്റ്, സേവിയാർ ആൻഡ് കന്പനി എസ്റ്റേറ്റ് എന്നിവിടങ്ങളിലെല്ലാം ആനയിറങ്ങി വിളകൾ നശിപ്പിച്ചു.ബാബു, പ്രേമൻ എന്നിവരുടെ വീട്ടുവളപ്പിലും ആനയെത്തി. നെല്ലിക്കൽ തങ്കന്റെ ഫാമിനടുത്തെത്തിയും കാട്ടാനകൾ കൊലവിളി നടത്തുകയാണ്.
രണ്ടുദിവസംമുന്പാണ് പിക്കപ്പ് വാനിനും ബൈക്കിനും നേരെ ആനയുടെ ആക്രമണമുണ്ടായത്. വാഹനം ഉപേക്ഷിച്ച് യാത്രക്കാർ ഓടിമാറിയതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു.പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രത്തോടു ചേർന്ന ഇവിടെ രണ്ടുകിലോമീറ്ററോളം ആളൊഴിഞ്ഞ കുന്നിന്റെ ഉയർന്ന മുകൾഭാഗമാണ്. രാത്രിസമയം ആനയുടെ ആക്രമമുണ്ടായാൽ നാട്ടുകാർ അറിയാൻ തന്നെ ഏറെ സമയമെടുക്കും.
പോത്തുചാടിയിലുള്ള വനംവകുപ്പിന്റെ വാച്ചർ ഷെഡാണ് സമീപത്തുള്ളത്.പൈനാപ്പിൾ തോട്ടങ്ങളും വാഴത്തോട്ടങ്ങളും ആനയിറങ്ങി നശിപ്പിക്കുന്നുണ്ട്. ആനയെ പേടിച്ച് വാഴകൾ വെട്ടിനശിപ്പിക്കുന്ന കർഷകരുമുണ്ട്.മലയോരപാതയിലൂടെയുള്ള യാത്രകളും ഇപ്പോൾ കുറഞ്ഞു. ഇടയ്ക്ക് പുലിയും ഇവിടെയെത്തുന്നുണ്ട്.
വനാതിർത്തിയിൽ സൗരോർജവേലിയുണ്ടെങ്കിലും അതിന്റെ സംരക്ഷണമോ ചാർജ് ചെയ്യലോ വനപാലകർ നടത്തുന്നില്ലെന്നു പറയുന്നു. അതേസമയം വനാതിർത്തിയിലെ തോട്ടങ്ങളിൽ ആനകൾക്ക് ഇഷ്ടപ്പെട്ട പൈനാപ്പിൾ, വാഴ തുടങ്ങിയ വിളകൾ കൃഷിയിറക്കുന്നതാണ് കാട്ടിൽനിന്നും ആനകളെത്താൻ കാരണമാകുന്നതെന്നാണ് വനംവകുപ്പിന്റെ ന്യായീകരണം.
കഴിഞ്ഞവർഷവും ഇവിടെ ആനയിറങ്ങി പൈനാപ്പിൾ കൃഷി നശിപ്പിച്ചിരുന്നു. സോളാർവേലി ചാർജ് ചെയ്ത് കാര്യക്ഷമമാക്കിയിട്ടുണ്ടെന്നു വനംവകുപ്പ് ജീവനക്കാർ പറയുന്നു. ആടുമാടുകളെ വളർത്തുന്നത് ഒഴിവാക്കിയാൽ പുലിവരുന്നതു കുറയ്ക്കാമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. പുലിപിടിച്ച് മലയോരങ്ങളിൽ വളർത്തുനായ്ക്കളില്ലാതായി.
ഇതിനാൽ രാത്രികാലങ്ങളിൽ മറ്റു കാട്ടുമൃഗങ്ങളുടെ സാന്നിധ്യം അറിയാനും കർഷകർക്ക് വഴിയില്ല.
യാതൊരു കൃഷിയും ചെയ്യാതെ എങ്ങനെ ജീവിക്കുമെന്നതിന് മാത്രം വനംവകുപ്പിനു മറുപടിയില്ലെന്നാണ് കർഷകർ പറയുന്നത്.