വൈക്കം: വേന്പനാട്ടു കായലിനെയും കരിയാറിനെയും ബന്ധിപ്പിച്ചു വല്ലകത്തു കൂടി കടന്നു പോകുന്ന നാട്ടുതോട്ടിൽ കക്കൂസ് മാലിന്യം തള്ളുന്നതു പതിവാകുന്നു. രാത്രി കാലങ്ങളിൽ വല്ലകം പാലത്തിൽ ടാങ്കർ നിർത്തിയാണു തോട്ടിലേക്കു മാലിന്യ മൊഴുക്കുന്നത്.
ഒഴുക്കിവിടുന്ന മാലിന്യം വാട്ടർ അഥോറിറ്റിയുടെ ജല വിതരണ പൈപ്പിനെയും പലപ്പോഴും മൂടുന്നു. മലിനീകരണം ശക്തമായതോടെ തോടിനിരുകരകളിലും താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളിലെ കുട്ടികളും വയോധികരുമടക്കം അസുഖബാധിതരാകുകയാണ്.
തോട്ടിലെ രൂക്ഷമായ ദുർഗന്ധം മൂലം വീടുകളുടെ ജനാലകൾ പലരും തുറക്കാറില്ല. വൈക്കം നഗരസഭയുടെയും ഉദയനാപുരം പഞ്ചായത്തിന്റെയും പരിധിയിലൂടെ ഒഴുകുന്ന തോട്ടിൽ പായലും പോളയും മാലിന്യങ്ങളും തിങ്ങിയതോടെ തീരൊഴുക്കും നിലച്ചിരിക്കുകയാണ്.
വലിയ കേവുവള്ളങ്ങൾ കടന്നു പോയിരുന്ന തോടിനു കുറുകെ തോടിന്റെ വീതി കുറച്ചു വല്ലകംപാലം തീർത്തതും നീരൊഴുക്കിനെ ദോഷകരമായി ബാധിച്ചു. ഇത്തിപ്പുഴ, മുറിഞ്ഞപുഴ ഭാഗങ്ങളിൽ എത്തുന്ന വിനോദ സഞ്ചാരികളെ നാടൻ വള്ളങ്ങളിൽ ഈ തോട്ടിലൂടെ കൊണ്ടുവന്നിരുന്നതും തോടു മലിനമായതോടെ നിലച്ചു.
തോട് ആഴംകൂട്ടി ശുചീകരിച്ചു നീരൊഴുക്കു പുനഃസ്ഥാപിക്കുന്നതിനും കക്കൂസ് മാലിന്യം പൊതുതോട്ടിൽ തള്ളുന്നതിനെതിരേയും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.