ആലപ്പുഴ: കുടിവെള്ളം ശേഖരിക്കാൻ പോയ വള്ളം കാറ്റിൽ പെട്ട് മുങ്ങി. വള്ളത്തിലുണ്ടായിരുന്ന അച്ഛനെയും മകനെയും ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചക്ക് 2.40ന് കൈനകരി മീനപ്പള്ളി കായലിൽ നടുഭാഗത്തുവച്ചായിരുന്നു അപകടം.
ആലപ്പുഴയിൽ നിന്ന് കൈനകരി റോഡ് മുക്കിലേക്ക് പോകുകയായുരുന്ന ആലപ്പുഴ സ്റ്റേഷനിലെ സീ കുട്ടനാട് ബോട്ടിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം രണ്ടു ജീവനുകളും രക്ഷിക്കാനായി. കൈനകരി മീനപ്പള്ള സ്വദേശിയായ അരുണും 12വയസുള്ള മകനുമാണ് അപകടത്തിൽ പെട്ടത്.
ഉച്ചയ്ക്ക് നേരിയ മഴയോടൊപ്പം എത്തിയ കാറ്റുമൂലം വള്ളം മറിഞ്ഞത്. വള്ളത്തിന്റെ വശത്ത് ഇരുവരും പിടിച്ച് കിടക്കുന്നതുകണ്ട ബോട്ട് ജീവനക്കാർ ബോട്ടിന് വേഗം കുറച്ച് അപകടത്തിൽ പെട്ട വള്ളത്തിന് സമീപമെത്തി.
തുടർന്ന് ജീവനക്കാർ കയർ ഇട്ട് കൊടുത്തു. ഇതിൽ പിടിച്ച് ഇരുവരും ബോട്ടിൽ കയറി. അപകടത്തിൽ പെട്ടവരെ ജീവനക്കാർ സുരക്ഷിതമായി സമീപത്തെ നവരശ്മി ബോട്ട് ജെട്ടിയിൽ എത്തിച്ചു.
ബോട്ട് ജീവനക്കാരായ സ്രാങ്ക് സുജിത്ത്, ഡ്രൈവർ സിയാദ്, ലാസ്ക്കർമാരായ സുജിൻ ,സുധീഷ് ,മാസ്റ്റർ അനസ് എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
ആലപ്പുഴയിൽ മടങ്ങിയത്തിയ ജീവനക്കാരെ ട്രാഫിക്ക് സൂഫ്രണ്ട് സുദേവൻ, സ്റ്റേഷൻ മാസ്റ്റർ ഷെഹീർ എന്നിവർ ജീവനക്കാരെ അഭിനന്ദിച്ചു.