ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളിൽ തുഴയുന്ന ടീം അംഗങ്ങളുടെ പേരുകളടക്കമുള്ള വിവരങ്ങൾ ഓഗസ്റ്റ് രണ്ടിനകം സമർപ്പിക്കണമെന്ന നിർദേശം ചെറു ക്ലബുകളെ വെട്ടിലാക്കുന്നു. ടീം തെരഞ്ഞെടുപ്പ് പൂർത്തീകരിക്കുന്നതിന് മുന്പുതന്നെ ടീം അംഗങ്ങളുടെ പേരും തിരിച്ചറിയിൽ രേഖയും സമർപ്പിക്കണമെന്ന ബോട്ട് റേസ് കമ്മറ്റിയുടെ നിർദേശം പ്രായോഗികമല്ലെന്നാണ് ഇവരുടെ വാദം.
ജലോത്സവത്തിൽ പങ്കെടുക്കുന്ന പ്രധാന ക്ലബുകൾ നേരത്തെ തന്നെ പരിശീലന തുഴച്ചിൽ ആരംഭിച്ചെങ്കിലും ചെറുകിട ക്ലബുകൾ സാന്പത്തിക പ്രയാസങ്ങൾ മൂലം പരിശീലനം തുടങ്ങിയിരുന്നില്ല. പല ക്ലബുകളും ജലോത്സവത്തിന് രണ്ടാഴ്ച മുന്പാണ് ക്യാന്പ് ആരംഭിക്കുന്നത്. പത്തുമുതൽ 12 വരെ നീളുന്ന പരിശീലനമാണ് ഇവർ നടത്തിയിരുന്നത്. വള്ളങ്ങളിൽ തുഴയാനെത്തുന്നവരിൽ നിന്ന് മൂന്നോ നാലോ ദിവസത്തെ തുഴച്ചിലിന് ശേഷമാണ് ടീം അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
എന്നാൽ പുതിയ നിർദേശം വന്നതോടെ പരിശീലനത്തിന് ആദ്യദിവസമെത്തുന്നവരുടെ പേരും തിരിച്ചറിയിൽ രേഖകളും രജിസ്ട്രേഷനായി നൽകേണ്ട് അവസ്ഥയിലാണ് ക്ലബുകൾ. സാധാരണയായി ഒരു ക്ലബിൽ തുഴയാൻ അവസരം ലഭിക്കാത്തവർ മറ്റ് ക്ലബുകളിൽ ചേരുന്നത് പതിവാണ്.
നിലവിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പേരുകൾ നൽകുന്പോൾ ഇത്തരത്തിലുള്ളവരുടെ പേര് ആവർത്തിക്കപ്പെടുമെന്നതാണ് ക്ലബുകൾ നേരിടുന്ന പ്രതിസന്ധി. കൃത്യമായി തിരിച്ചറിയിൽ രേഖകളില്ലാത്തവരെ മത്സരിപ്പിക്കില്ലെന്ന നിലപാടിലാണ് സംഘാടകർ. രജിസ്ട്രേഷന് അനുവദിച്ചിരിക്കുന്ന തീയതിയിൽ ഇളവ് വരുത്തണമെന്ന ആവശ്യം ചെറു ബോട്ടുക്ലബുകൾക്കിടയിൽ ശക്തമാണ്.