ആലപ്പുഴ: ജലോത്സവങ്ങളുടെ രാജാവായ നെഹ്റുട്രോഫി ജലമേളയ്ക്ക് ഇനി ദിവസങ്ങളുടെ കാത്തിരിപ്പുമാത്രം. തുഴവേഗത്തിന്റെ ജലപൂരത്തിൽ ജേതാവായി ചാച്ചാജിയുടെ കൈയൊപ്പുപതിഞ്ഞ വെള്ളിക്കപ്പ് ആകാശത്തേക്ക് ഉയർത്തി ഞങ്ങൾ ജലരാജാക്കന്മാരെന്ന് പറയാനുള്ള ഒരുക്കത്തിലാണ് ചുണ്ടന്മാരൊന്നാകെ. കരകളിലെ ജലാശയങ്ങളിൽ ആഴ്ചകളായി നടത്തിവന്ന പരിശീലനം പൂർത്തിയാക്കിയ ചുണ്ടനുകൾ പുന്നമടയിലെ ട്രാക്കിൽ തീവ്ര പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ചുണ്ടനുകളുടെ അവസാനവട്ട പരിശീലന തുഴച്ചിൽ നടത്തുക. കുറഞ്ഞ സമയത്തിനുള്ളിൽ 1250 മീറ്റർ ദൈർഘ്യം തുഴഞ്ഞെത്തുന്നതിനുള്ള തന്ത്രങ്ങളൊരുക്കിയാണ് ക്ലബുകളെല്ലാം പരിശീലനം കൊഴുപ്പിക്കുന്നത്. വൈകുന്നേരങ്ങളിൽ പുന്നമടയിൽ നടത്തുന്ന പരിശീലന തുഴച്ചിൽകാണാൻ വിനോദസഞ്ചാരികളടക്കം നൂറുകണക്കിന് ആളുകളാണെത്തുന്നത്.
ചിട്ടയായ പരിശീലനത്തിനൊപ്പം സാങ്കേതിക വിദ്യകൾ കൂടി പ്രയോജനപ്പെടുത്തിയാണ് ക്ലബുകൾ തങ്ങളുടെ തുഴച്ചിൽകാരുടെ മികവ് ഓരോദിവസവും മെച്ചപ്പെടുത്തുന്നത്. പരിശീലന തുഴച്ചിൽ കാമറയിൽ പകർത്തി പോരായ്മകൾ മനസിലാക്കി അത് കളിക്കാർക്ക് വിശദമാക്കി കൊടുക്കുകയും അതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ പുറത്തെടുത്തുമാണ് പരിശീലനം സജീവമാകുന്നത്. വ്യാഴാഴ്ച പരിശീലന തുഴച്ചിലിനുശേഷം ചുണ്ടൻ കരയ്ക്കെത്തിച്ച് പുക നൽകും.
മത്സരദിവസം വെള്ളത്തിനുമുകളിലൂടെ അസ്ത്രം കണക്ക് പായുന്നതിനുള്ള പൊടികൈകൾ വള്ളത്തിൽ നടത്തുന്നതും ഈ സമയത്താണ്. വ്യഴാഴ്ചത്തെ പരിശീലന തുഴച്ചിലിനുശേഷം ഒരു ദിവസം തുഴച്ചിൽകാർക്കും പൂർണ വിശ്രമമാണ്. ശനിയാഴ്ച ഉച്ചയോടെ അവർ ചുണ്ടനുകളിൽ പുന്നമടയിലെ കുഞ്ഞോളങ്ങളിലേക്ക് പതുക്കെ തുഴഞ്ഞെത്തും മിനിട്ടുകൾക്കുശേഷം നടക്കുന്ന വേഗമത്സരത്തിൽ കൈക്കരുത്തിന്റെയും തുഴക്കരുത്തിന്റെയും വിജയം ആർക്കാണെന്ന് ലോകത്തെ അറിയിക്കാൻ.