
മങ്കൊന്പ് : മുൻഗണനാ വിഭാഗക്കാർക്ക് വിതരണം ചെയ്യുന്നതിനു റേഷൻ കടകളിലേക്കു ഭക്ഷ്യധാന്യങ്ങളുമായി പോയ വള്ളം മുങ്ങി. ഇന്നലെ ഉച്ചയ്ക്ക് നെടുമുടി പഞ്ചായത്ത് ഓഫീസിനു സമീപത്തെ തോട്ടിലാണ് വള്ളം മുങ്ങിയത്. നൂറോളം ചാക്ക് അരി നനഞ്ഞു നശിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിഹിതമായി മുൻഗണനാ വിഭാഗം കാർഡുടമകൾക്കു നൽകുന്നതിന് തകഴിയിലെ എൻഎഫ്എസ്എ ഗോഡൗണിൽ നിന്നുമാണ് ഭക്ഷ്യധാന്യങ്ങൾ കൈനകരി, നെടുമുടി പഞ്ചായത്തുകളിലേക്കു കൊണ്ടുപോകുകയായിരുന്നു.
കൈനകരിയിലെ എആർഡി 56, 46 എന്നീ കടകളിലേക്കു കൊണ്ടുപോയ അരിയാണ് നനഞ്ഞുനശിച്ചത്. കൈനകരി, നെടുമുടി പഞ്ചായത്തുകളിലെ 12 കടകളിൽ വള്ളങ്ങളിൽ മാത്രമേ റേഷൻ സാധനങ്ങളുടെ ചരക്കുനീക്കം സാധ്യമാകുകയുള്ളു.
ഭക്ഷ്യധാന്യങ്ങളുമായി പോയ രണ്ടു വള്ളങ്ങളിൽ ഒന്നാണ് തോട്ടിൽ താഴ്ത്തിയിരുന്ന തെങ്ങിൻ കുറ്റിയിൽ ഇടിച്ച് ഭാഗികമായി മുങ്ങിയത്.
പാലം നിർമാണത്തിനായി താഴ്ത്തിയ കുറ്റികൾ കരാറുകാരൻ ഉൗരിമാറ്റിയിരുന്നില്ല.
ഇരുവശങ്ങളിലും പുല്ലുവളർന്നുനിൽക്കുന്നതിനാൽ കുറ്റി കാണാൻ സാധിക്കാതെ വള്ളം ഇടിച്ചുകയറുകയായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ മുങ്ങിയ വള്ളത്തിലുണ്ടായിരുന്ന അരിച്ചാക്കുകൾ മറ്റൊരു ചെറിയ വള്ളത്തിലേക്കു മാറ്റുകയായിരുന്നു.
പുഴുക്കലരിയും പച്ചരിയുമായി 240 ചാക്ക് അരിയാണ് വള്ളത്തിലുണ്ടായിരുന്നത്. ഗോഡൗണിൽ നിന്നും കരാറുകാരനാണ് റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുകൊടുക്കുന്നത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ചില്ലറ റേഷൻ വ്യാപാരി സംഘടനയുടെ നേതാക്കൾ ജില്ല – താലൂക്ക് സപ്ലെ ഓഫീസർമാരെ വിവരമറിയിച്ചു.
നനഞ്ഞുനശിച്ച ഭക്ഷ്യധാന്യങ്ങൾക്കു പകരമായി പുതിയവ ഇന്നും നാളെയുമായി റേഷൻ കടകളിൽ എത്തിക്കുമെന്ന് ഉറപ്പു ലഭിച്ചതായി ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡിലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കാവനാട് പറഞ്ഞു.