വൈപ്പിൻ: 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് ചാകരക്കോള് പ്രതീക്ഷിച്ച പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടുത്ത നിരാശ. കാറ്റും കോളും മൂലം ഇവർക്ക് കഴിഞ്ഞ ഒരാഴ്ചയായി കടലിൽ മത്സ്യബന്ധനത്തിനു പോകാൻ പറ്റാതെ വള്ളങ്ങളെല്ലാം ഹാർബറിൽ കെട്ടിയിരിക്കുകയാണ്. കടലിൽ കനത്ത കാറ്റ് തുടരുന്നതിനാൽ വലിയിടാൻ പറ്റില്ല. കാറ്റിനെ അവഗണിച്ച് കടലിൽ പോകുന്നത് ജീവനു ഭീഷണിയുമാണ്.
വൈപ്പിൻ കാളമുക്ക് ഗോശ്രീപുരം ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങൾക്ക് കഴിഞ്ഞ ആഴ്ച മുന്പുവരെ ചാളയും അലയും ലഭിച്ചിരുന്നു. ആലപ്പുഴ, അർത്തുങ്കൽ മേഖലയിലായിരുന്നു ചാളയുടെയും അയലയുടെയും സാന്നിധ്യം.
നല്ല വിലയുള്ളതിനാലാണ് ഇത്രയും ദൂരം സഞ്ചരിച്ച് വള്ളങ്ങൾ ഫിഷിംഗ് ഗ്രൗണ്ടിലെത്തുന്നത്. എന്നാൽ കാറ്റ് അവഗണിച്ച് പോകുന്നത് അപകടം വിളിച്ചു വരുത്തും. ഇനി കാറ്റും കോളും ഒതുങ്ങി വെയിൽ തെളിഞ്ഞാൽ ചാകരയുടെ സാന്നിധ്യം ഉണ്ടാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇക്കുറി നേരത്തെ തന്നെ മഴയും കോളും ഉണ്ടായതിനാൽ ചാകരയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരന്പരാഗത മത്സ്യതൊഴിലാളികൾ.
അതേ സമയം ട്രോളിംഗ് നിരോധനം പ്രാബല്യത്തിലായതിനെ തുടർന്ന് തീരക്കടലിൽ മത്സ്യബന്ധനം നടത്തിവന്ന ശേഷിച്ച ബോട്ടുകളും തീരമണഞ്ഞു. മുനന്പം മുരുക്കുംപാടം മത്സ്യബന്ധന മേഖലയിലെ ഹാർബറിലെത്തിയ പകുതിയോളം ബോട്ടുകളിലെ മത്സ്യങ്ങൾ ഞായറാഴ്ച രാവിലെ വിറ്റഴിച്ചു. സ്ഥലപരിമിതിമൂലമാണിത്. ബാക്കി ബോട്ടുകളിലെ മത്സ്യങ്ങൾ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി വില്പന നടത്തും.
കൂടുതൽ ബോട്ടുകളും അടുത്തത് ചെമ്മീനും തിരിയാനും കിളിമീനുമായാണ്. എന്നാൽ കഴിഞ്ഞ രണ്ട്മൂന്ന് ദിവസമായി കടലിൽ കാറ്റും കോളും മുറുകിയതിനാൽ ചില ബോട്ടുകൾക്ക് വല വലിക്കാൻ പറ്റാതെ വന്നുവത്രേ. ഇതേ തുടർന്ന് ചില ബോട്ടുകാർക്ക് അവസാന ദിനങ്ങളിലെ കാച്ചിംഗ് ഗുണകരമായില്ല.