കുമരകം: കുട്ടനാടന്‍ കായല്‍പരപ്പുകളില്‍ ചീറിപ്പായുന്ന കളിവള്ളം യൂറോപ്പിലേക്കും. കുമരകത്തെ വള്ളങ്ങളുടെ വര്‍ക് ഷോപ്പായ ബോട്ടുജെട്ടിക്കു സമീപമുള്ള വിശാഖംതറ മത്തച്ചനാണ് വള്ളം നിര്‍മിക്കാനുള്ള കരാര്‍ യൂറോപ്പില്‍ നിന്നു ലഭിച്ചത്. 15 അടി നീളവും ഒരുമീറ്റര്‍ 10 സെന്റിമീറ്റര്‍ വീതിയുമുള്ള ആഞ്ഞിലിത്തടി വള്ളത്തിനാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. 50,000 രൂപയ്ക്കാണ് കരാര്‍.
അടുത്ത ദിവസം വള്ളംനിര്മാണം ആരംഭിക്കും. ഒക്ടോബറില്‍ വള്ളം യൂറോപ്പിലേക്ക് കൊണ്ടുപോകും. കുമരകം ജെട്ടി പാലത്തിനു സമീപം പ്രവര്‍ത്തിച്ചുവരുന്ന വള്ളങ്ങളുടെ വര്‍ക്ക് ഷോപ്പ് ഒട്ടനവധി പ്രത്യേകതകളാല്‍ ഇതിനോടകം പ്രശസ്തിയാര്‍ജിച്ചുകഴിഞ്ഞു.
കുമരകത്ത് ഒരു വള്ളമെങ്കിലും സ്വന്തമായി ഇല്ലാത്ത വീടുകള്‍ വിരളമായിരുന്നു. തടിയില്‍ നിര്‍മിക്കുന്ന വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് സാധാരണമാണ്.
എന്നാല്‍ ആശാരിമാരെ കിട്ടാതായതോടെ പലരും വള്ളം ഉപേക്ഷിച്ചു തുടങ്ങി. ഇതിനു പരിഹാരമായിട്ടാണ് വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കായി മത്തച്ചന് വര്‍ക് ഷോപ്പ് ആരംഭിച്ചത്.
എത്ര വലിയ വള്ളമാണെങ്കിലും വള്ളപ്പുരയിലേക്ക് കയറ്റാന്‍ മത്തച്ചന് മാത്രം മതി. അതിനു വേണ്ട സംവിധാനവും മത്തച്ചന് ഇവിടെ ഒരുക്കിയിട്ടുണ്ട്.
കുട്ടനാട്ടില്‍ മാത്രമല്ല വിദേശങ്ങളിലും മത്തച്ചന്റെ വള്ളംപണിയുടെ മേന്മ ഇപ്പോള്‍ എത്തിക്കഴിഞ്ഞു.
കുര്യന് കുമരകം- ചിത്രം-ജോൺ മാത്യു