കുമരകം: നെഹ്റുട്രോഫിയും ചാന്പ്യൻസ് ബോട്ട് ലീഗും (സിബിഎൽ) നടത്താനാകാത്തത് വിനോദ സഞ്ചാര മേഖലയുടെ തിരിച്ചുവരവിനു പ്രതിസന്ധി സൃഷ്ടിക്കും. തുടർച്ചയായ രണ്ടു പ്രളയങ്ങൾക്കു പിന്നാലെ വന്ന കൊറോണ ആഘാതം അപ്രതീക്ഷിതമായ പ്രതിസന്ധിക്കു കാരണമായി.
ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച പുന്നമടക്കായലിലെ നെഹ്റുട്രോഫി വള്ളംകളിയിൽ കായൽപ്പരപ്പിലൂടെ പായുന്ന ചുണ്ടൻ വള്ളങ്ങളെയും തുഴച്ചിൽക്കാരെയും ഓരോ വള്ളങ്ങളിലും അണിനിരന്നു തുഴയെറിയുന്ന കായികപ്രതിഭകളേയും കാണാൻ എത്തുന്ന വള്ളംകളിപ്രേമികളെയും വിനോദസഞ്ചാരികളെയും ഇക്കൊല്ലം പ്രതീക്ഷിക്കേണ്ടതില്ല. ഇക്കൊല്ലം ജലമേളകളൊന്നും തന്നെ നടക്കാനിടയുമില്ല.
50 കോൽ നീളമുള്ള ഒരു ചുണ്ടൻ വള്ളത്തിൽ നൂറിലധികം തുഴച്ചിൽകാർക്ക് സാമൂഹിക അകലം പാലിച്ച് അണിനിരക്കാനാകില്ല എന്നതിനാൽ നെഹ്റു ട്രോഫിയും തുടർന്നുള്ള ചാന്പ്യൻസ് ബോട്ട് ലീഗും ഈ വർഷമുണ്ടാകില്ല.
സിബിഎൽ ആരംഭിച്ച കഴിഞ്ഞ വർഷം നെഹ്റു ട്രോഫിയിലെ പ്രകടനം കണക്കാക്കി ഒന്‍പതു ചുണ്ടൻ വള്ളങ്ങൾക്ക് (ക്ലബുകൾക്ക്) ആണ് സിബിഎൽ മത്സരങ്ങളിൽ തുഴയെറിയാൻ അവസരം ലഭിച്ചത്. 12 വള്ളംകളി മത്സരങ്ങൾ പൂർത്തിയായപ്പോൾ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ നടുഭാഗം ചാന്പ്യൻപട്ടം കരസ്ഥമാക്കി.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജലപ്രളയത്തെത്തുടർന്ന് ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫി നടത്താൻ കഴിയാതിരുന്നത് സംസ്ഥാനത്തെ ബ്ലോട്ട് ക്ലബുകൾക്കു വലിയ സാന്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചത്.
ഇതോടെ പല ബോട്ടുക്ലബുകളും ചുണ്ടൻ തുഴച്ചിലിനോടു വിട പറഞ്ഞു. നാട്ടുകാരുടെ സംഭാവനയും സ്പോണ്‍സർമാർ നല്കുന്ന പാരിതോഷികവും മാത്രം കൈമുതലുണ്ടായിരുന്ന ക്ലബുകൾക്കു വീണ്ടും തുഴച്ചിൽ കാരെ എത്തിച്ചു പ്രതിഫലം നൽകി മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാതായി.
സിബിഎൽ നേട്ടംതന്നെ
ക്രിക്കറ്റും ഫുട്ബോളും പോലെ സാന്പത്തിക നേട്ടം കൊയ്യാനാകുന്ന ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കാനുളള തീരുമാനം വള്ളംകളി പ്രേമികളും വിനോദ സഞ്ചാരികളും ആവേശത്തോടെയാണ് സ്വീകരിച്ചത്. ബോട്ട് ക്ലബുകൾക്കും ആ തീരുമാനം വലിയ പ്രതീക്ഷ സമ്മാനിച്ചു.
കേരളത്തിലെ ഒരു ജലോത്സവത്തിലും ടീമുകൾക്ക് അഞ്ചു ലക്ഷത്തിലധികം രൂപാ സമ്മാനമായി ലഭിച്ചിരുന്നില്ല. അരക്കോടി രൂപ വരെ മുടക്കി ചുണ്ടൻ ജലോത്സവത്തിൽ പങ്കെടുക്കുക ക്ലബുകൾക്ക് ഭാരിച്ച സാന്പത്തിക ബാധ്യതയാണു വരുത്തിവച്ചിരുന്നത്.
കോടികൾ പ്രതിഫലം വാഗ്ദാനം ചെയ്ത് സിബിഎൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതോടെ ബോട്ട് ക്ലബുകളുടെ പ്രതീക്ഷ വാനോളം ഉയർന്നു കഴിഞ്ഞവർഷം ചാന്പ്യന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് 1.3 കോടി രൂപയാണ് പ്രൈസ് മണി പ്രഖ്യാപിച്ചിരുന്നത്.
രണ്ടാം സ്ഥാനക്കാരായ കേരളാ പോലീസ് ടീമിന് 83 ലക്ഷവും എൻസിഡിസി കുമരകത്തിന് 69 ലക്ഷവും യുബിസി കൈനകരിക്ക് 59 ലക്ഷവും വേന്പനാട് ബോട്ട് ക്ലബ് കുമരകത്തിന് 49 ലക്ഷവും ടൗണ്‍ ബോട്ട് ക്ലബ് കുമരകത്തിനും കുമരകം ബോട്ട് ക്ലബിനും 48 ലക്ഷവും പ്രതിഫലം ലഭിച്ചതായാണ് റിപ്പോർട്ടുകളുണ്ടായത്. എന്നാൽ സമ്മാന തുകയിൽ 12 ലക്ഷം രൂപാ നേരിട്ട് ചുണ്ടൻ വള്ളത്തിന്റെ കൂലിയും 20 ശതമാനം നികുതിയും കഴിച്ചുള്ള തുകയാണു ക്ലബുകൾക്കു ലഭിച്ചതാണെന്നാണ് ക്ലബ് ഭാരവാഹികൾ പറയുന്നത്.