ആലപ്പുഴ: അറുപത്തിയഞ്ചാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളിലെ ടീമംഗങ്ങൾ പാലിക്കേണ്ട നിബന്ധനകളായി. മത്സരങ്ങളിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളും ചെറുവള്ളങ്ങളും വനിതാ വള്ളങ്ങളും ഏഴു ദിവസം പരിശീലനം നടത്തണം. പരിശീലനം ഏഴു ദിവസത്തിൽ കുറഞ്ഞാൽ ബോണസിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
വള്ളങ്ങൾ പരിശീലനം നടത്തുന്ന ദിവസങ്ങൾ ഗ്രേഡ് കമ്മറ്റി പരിശോധിക്കും.
മത്സര ദിവസം ഒന്നിനു മുൻപായി ചുണ്ടൻ വള്ളം അനുവദനീയമായ യൂണിഫോം ധാരികളായ തുഴക്കാരോടൊപ്പം ഫിനിഷിംഗ് പോയിന്റിൽ അണിനിരക്കണം. മത്സരദിവസം മത്സരം കഴിയുന്നത് വരെ എല്ലാ സമയത്തും യൂണിഫോമായ, കൈയില്ലാത്ത ബനിയനും നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി കണ്വീനർ നൽകുന്ന ഐഡന്റിറ്റി കാർഡും ധരിക്കേണ്ടതാണ്. യൂണിഫോമും ഐഡന്റിറ്റി കാർഡും ധരിക്കാത്ത ചുണ്ടൻ വള്ളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കാതിരിക്കാനുളള അധികാരം ചീഫ് സ്റ്റാർട്ടർക്കാണ്. കൃത്യസമയത്ത് മാസ്ഡ്രില്ലിൽ പങ്കെടുക്കാൻ വള്ളങ്ങൾ എത്തണം.
മാസ്ഡ്രില്ലിൽ പങ്കെടുക്കാൻ വൈകിയെത്തുന്ന വള്ളങ്ങൾക്കും പങ്കെടുക്കാത്ത വള്ളങ്ങൾക്കും ബോണസിൽ 25 ശതമാനം കുറവു വരുത്തും.ചുണ്ടൻവള്ളങ്ങളിൽ 75 തുഴക്കാരിൽ കുറയാനും 95 തുഴക്കാരിൽ കൂടാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടി 45 മുതൽ 60 തുഴക്കാർ വരെ, ബി ഗ്രേഡ് വെപ്പ് ഓടി 25 മുതൽ 35 വരെ തുഴക്കാർ, ചുരുളൻ 25 മുതൽ 35 വരെ തുഴക്കാർ. ഇരുട്ടുകുത്തി രണ്ടാംതരം ബി’ വിഭാഗത്തിൽ 25 മുതൽ 35 വരെ തുഴക്കാർ, (തെക്കനോടി 30 ൽ കുറയാത്ത തുഴക്കാർ എന്നിങ്ങനെ) കയറണം. ഈ തുഴക്കാർക്ക് പുറമേ നിലക്കാരും പങ്കായക്കാരും ഉണ്ടായിരിക്കേണ്ടതാണ്.
വള്ളംകളിയിൽ പങ്കെടുക്കുന്ന തുഴച്ചിൽകാർക്ക് 18 വയസ് പൂർത്തിയായിരിക്കണം. മത്സര ദിവസം വള്ളങ്ങളിൽ പ്രദർശിപ്പിക്കാൻ കമ്മിറ്റി തരുന്ന നന്പരും നെയിം ബോർഡും (സ്പോണ്സർഷിപ്പ്) നീളം കൂട്ടി തറയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യാൻ പാടില്ല. സ്റ്റാർട്ടിംഗ് പോയിന്റിൽ സ്റ്റാർട്ടർമാർ കൃത്യമായ വിവരങ്ങൾ മാത്രമേ അറിയിക്കുകയുള്ളൂ. കൃത്യമായി ഫോട്ടോഫിനിഷിംഗ് പോലെ നിശ്ചലമായ (സ്റ്റിൽ) സ്റ്റാർട്ടിംഗാണ് നടക്കുന്നത്. മൂന്നുതവണ തുല്യതയ്ക്കായി അറിയിപ്പ് നൽകുകയും മൂന്നാമത്തെ അറിയിപ്പിൽ തുല്യതയിൽ ഉള്ള വള്ളങ്ങളെ മത്സരിക്കാൻ സിഗ്നൽ നൽകുകയും അനുസരിക്കാത്ത വള്ളങ്ങളെ അപ്പോൾ തന്നെ അയോഗ്യരാക്കുന്നതുമാണ്.
സ്റ്റാർട്ടിംഗ് കൃത്യത തത്സമയം ജഡ്ജസ് കാണും. സ്റ്റാർട്ടിംഗ് സിഗ്നൽ ലഭിച്ചുകഴിഞ്ഞാൽ മത്സരം ആരംഭം മുതൽ അവസാനം വരെ അവരവരുടെ ട്രാക്കിൽ കൂടി മാത്രം മത്സരിച്ച് ഫിനിഷിംഗ് പോയിന്റിലെ അടയാളം ആദ്യം കടക്കുന്നവരുടെ സമയമനുസരിച്ച് വിജയിയെ പ്രഖ്യാപിക്കുന്നതാണ്. ട്രാക്ക് മാറുകയോ, മത്സരത്തിന് തടസം വരുത്തുന്ന വിധം ഏതെങ്കിലും പ്രവൃത്തികൾ ഉണ്ടാക്കുകയോ ഫിനിഷിംഗ് അടയാളം കൃത്യസമയത്തിനകം കടക്കാതെ വരുകയോ ചെയ്താൽ വള്ളങ്ങളെ അയോഗ്യരാക്കും. ക്യാപ്റ്റന്റേയും ടീം ക്യാപ്റ്റന്റേയും ക്ലബിന്റെയും പേരിൽ നടപടിയെടുക്കും.മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾ ഫിനിഷ്ചെയ്താൽ ട്രാക്കിൽ കൂടി തിരിച്ചുപോകാൻ പാടില്ല.
ഡോക് ചിറയ്ക്കും നെഹ്റുപവലിയനും ഇടയ്ക്കുള്ള പുറംകായലിൽ കൂടി മാത്രമേ സ്റ്റാർട്ടിംഗ് പോയന്റിലേക്ക് തിരിച്ചുപോകാവു. ഫൈനലിൽ വരുന്ന വള്ളങ്ങളുടെ ക്യാപ്റ്റൻമാർ സെലക്ഷൻ കിട്ടികഴിഞ്ഞാൽ ജഡ്ജസ് പവിലിയനു സമീപം ഉണ്ടായിരിക്കണം. വിജയിക്കുന്ന വള്ളങ്ങളുടെ ക്യാപ്റ്റൻമാർ മാത്രം ഐഡന്റിറ്റി കാർഡ് പ്രദർശിപ്പിച്ച് പവലിയനിൽ കയറുകയും ട്രോഫികൾ ഏറ്റുവാങ്ങുകയും ചെയ്യണം.