കുമരകം: ഓളപ്പരപ്പിലെ ഒളിന്പിക്സായ നെഹ്റുട്രോഫി മത്സരവള്ളംകളി ഈ വർഷം നടത്തുമെന്ന പ്രഖ്യാപനം വന്നതോടെ വള്ളംകളി പ്രേമികളും ക്ലബ് ഭാരവാഹികളും ആവേശത്തിൽ.
ആലപ്പുഴ ടൂറിസം ഓഫീസിൽ കൂടിയ വള്ളംകളി ഭാരവാഹികളുടെയും വിനോദ സഞ്ചാര വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഈ വർഷം നെഹ്റുട്രോഫി നടത്തുമെന്ന് ഉറപ്പു നൽകിയത്.
2018, 2019 വർഷങ്ങളിലെ നെഹ്റു ട്രോഫി ജലപ്രളയത്തെത്തുടർന്നു മാറ്റിവയ്ക്കേണ്ടി വന്നതും കഴിഞ്ഞവർഷം കോവിഡ് മൂലം മത്സരം ഉപേക്ഷിച്ചതും ക്ലബുകൾക്കു കനത്ത സാന്പത്തിക നഷ്ടമാണുണ്ടാക്കിയത്.
കടക്കെണിയിലായ ക്ലബുകൾക്ക് ഇനിയും കളിവള്ളം എടുത്ത് മത്സര രംഗത്ത് സജ്ജമാകാൻ ലക്ഷങ്ങൾ കണ്ടെത്തേണ്ടിവരും.
കഴിഞ്ഞ വർഷം തുഴഞ്ഞ ചുണ്ടൻ വള്ളങ്ങൾതന്നെ കൊണ്ടുവന്നു തുഴയാനാണു ക്ലബുകൾ ശ്രമിക്കുന്നത്.
കുമരകത്തുനിന്ന് നാലു ക്ലബുകളാണു കഴിഞ്ഞവർഷം ചുണ്ടൻ വള്ളത്തിൽ പരിശീലനം നടത്തിയത്.
കുമരകം ബോട്ട് ക്ലബ്, കുമരകം ടൗണ്‍ ബോട്ട് ക്ലബ്, വേന്പനാട് ബോട്ട് ക്ലബ്, എൻസിഡിസി കൈപ്പുഴമുട്ട് തുടങ്ങിയ ക്ലബുകളാണു കഴിഞ്ഞവർഷം ചുണ്ടനിൽ പരിശീലനം പൂർത്തിയാക്കിയത്.
സിബിഎൽ നടത്താനായി സർക്കാർ 20 കോടി രൂപ മാറ്റിവച്ചതു ക്ലബുകൾക്ക് ഏറെ ആശ്വാസകരമാണ്.
നെഹ്റു ട്രോഫിയെ തുടർന്ന് സിബിഎൽ മത്സരം നടത്തിയെങ്കിൽ മാത്രമേ കടക്കെണിയിലായ ക്ലബുകൾക്കു പിടിച്ചു നിൽക്കുവാനാകൂ എന്നാണ് ക്ലബ് ഭാരവാഹികൾ മന്ത്രിയെ അറിയിച്ചത്.
കോവിഡിനെ തുടർന്നു കഴിഞ്ഞവർഷം സംസ്ഥാനത്തെ ഒരു മത്സരജലമേളയും നടത്താൻ കഴിയാതിരുന്നതിനാൽ വള്ളങ്ങളുടെ ഉടമകൾക്ക് വള്ളത്തിന്റെ അറ്റകുറ്റപ്പണിക്കായി ഗ്രാൻഡ് അനുവദിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.
ഏതുവള്ളം എടുത്തു തുഴയണമെന്നും പരിശീലനം നടത്തേണ്ടത് എങ്ങനെയെന്നും പണം കണ്ടെത്താനുള്ള മാർഗങ്ങളെ കുറിച്ചും തീരുമാനിക്കാൻ പൊതുയോഗം ഉടൻ വിളിക്കുമെന്നും സിബിഎൽ മത്സരങ്ങൾ ഐപിഎൽ മാതൃകയിൽ സ്പോണ്‍സർമാരെ കണ്ടെത്തി മികച്ച രീതിയിൽ നടത്തുവാൻ ടൂറിസം വകുപ്പ് തയാറാകണമെന്നും നടുവിലേപ്പറന്പിൽ ചുണ്ടൻ ഉടമ ജിഫി ഫെലിക്സ് പറഞ്ഞു.