ടോം ജോര്‍ജ്
ആലപ്പുഴ: ആലപ്പുഴ വീണ്ടും ജലോത്സവതാളങ്ങള്ക്ക് കാതോര്‍ക്കുമ്പോള്‍ ആശങ്കകളും പെയ്തിറങ്ങുന്നു. രണ്ടുവര്‍ഷമായി മുടങ്ങിക്കിടന്ന നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബര്‍ നാലിന് നടത്താന്‍ സര്‍ക്കാരിനു ശിപാര്‍ശ സമര്‍പ്പിക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുകാണ്.
2019 ഓഗസ്റ്റ് 31നാണ് ഏറ്റവും ഒടുവില്‍ നെഹ്റുട്രോഫി വള്ളംകളി നടന്നത്. കോവിഡായതിനാല്‍ 2020ലും 2021ലും നെഹ്റുട്രോഫി സംഘടിപ്പിച്ചിരുന്നില്ല.
ഓണക്കാലത്തിനു മുന്നോടിയായി വള്ളംകളികള്‍ക്ക് ആരംഭംകുറിച്ചു നടത്തുന്ന ചമ്പക്കുളം മൂലം ജലോത്സവം ജൂലൈ 12 ന് ചമ്പക്കുളം പമ്പയാറ്റിലും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
തീയതി മാറ്റുമ്പോള്‍
എന്നാല്‍ വള്ളംകളി മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഒരു ദേശത്തിന്റെ ഉത്സവമെന്ന പെരുമ നഷ്ടപ്പെടുത്തുമോയെന്ന ആശങ്കയിലാണ് വള്ളംകളി പ്രേമികള്‍. നെഹ്റുട്രോഫി എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് പുന്നമടക്കായിലില്‍ അരങ്ങേറിയിരുന്നത്.
എന്നാല്‍ വെള്ളപ്പൊക്കത്തിന്റെ പേരില്‍ തീയതി മാറ്റുമ്പോള്‍ ആ തീയതിയില്‍ എല്ലാവര്‍ഷവും നടന്നില്ലെങ്കില്‍ വള്ളമുടമകള്‍ക്കും വള്ള സമിതികള്‍ക്കും ബോട്ട്ക്ലബുകള്ക്കും അത് വലിയ സാമ്പത്തിക ബാധ്യയുണ്ടാക്കും.
വള്ളംകളി ജനകീയമാക്കാനും അന്തര്‍ദേശീയ നിലവാരത്തിലേക്കെത്തിക്കാനും ആവിഷ്കരിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം വേണമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
വെപ്പ്, ഇരുട്ടുകുത്തി
നിലവില്‍ 21 എ ഗ്രേഡ് ചുണ്ടന്വള്ളങ്ങളാണുള്ളത്. തലേ വര്‍ഷത്തെ കളിയില്‍ മികവു പ്രകടിപ്പിച്ച കുറച്ചു വള്ളങ്ങള്‍ക്കേ ഈ വര്‍ഷത്തെ സിബിഎല്ലില്‍ ഇടംലഭിക്കൂ എന്ന് പറയുന്നു.
വെപ്പ്, ഇരുട്ടുകുത്തി പോലുള്ള ചെറുവള്ളങ്ങള്‍ക്കും സിബിഎല്ലില്‍ പങ്കെടുക്കാനാവില്ല. സിബിഎല്ലില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചില്ലെങ്കില്‍ വള്ളംകളിതന്നെ ഇല്ലാതാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
ഒരു മത്സരത്തില്‍ വള്ളത്തെ പങ്കെടുപ്പിക്കുന്നതിന് 15 മുതല്‍ 40 ലക്ഷം രൂപവരെ വള്ളം ഉടമകളും വള്ള സമിതികളും കണ്ടെത്തണം.
വള്ളത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും തുഴച്ചില്‍കാരുടെ പരിശീലന ചെലവുകള്ക്കുമൊക്കെവേണ്ടിയാണിത്. മത്സരം മാറ്റിവയ്ക്കുകയോ നടക്കാതിരിക്കുകയോ ചെയ്താല്‍ മുടക്കിയ തുക നഷ്ടമാകും.
നാലു ലക്ഷവും നാല്പതിനായിരവും
സിബിഎല്ലില്‍ കഴിഞ്ഞതവണ 12 വള്ളംകളികളാണ് നടന്നത്. ഒരു കളിയില്‍ പങ്കെടുക്കുന്ന ബോട്ട് ക്ലബുകള്‍ക്ക് മൂന്നു ലക്ഷവും വള്ളം വാടകയായി ഉടമകള്‍ക്കോ സമിതികള്‍ക്കോ ഒരു ലക്ഷവുമുള്‍പ്പെടെ ഒരു ടീമിന് നാലു ലക്ഷമാണ് സമ്മാനത്തുക.
മത്സരത്തില്‍ ഇടം നേടാത്ത വള്ളങ്ങള്‍ സര്‍ക്കാര്‍ ഗ്രാന്‍ഡായ 40,000 രൂപ കൊണ്ടു തൃപ്തിപ്പെടണം. സ്പോണ്‍സര്‍മാരെ കണ്ടെത്തിയാലേ നഷ്ടമില്ലാതെ വള്ളമിറക്കാന്പറ്റൂ.
ഇതിനുമിപ്പോള് സാധ്യത കുറവാണ്. സിബിഎല്ലില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചും വാടകകൂട്ടിയും നാടിന്റെ ഉത്സവമായി വള്ളംകളികളെ നിലനിര്‍ത്തിയില്ലെങ്കില്‍ വള്ളംകളിതന്നെ അന്യമാകുമെന്ന ഭീതിയിലാണ് ജലോത്സവ പ്രേമികള്‍.
വലിയ കോര്‍പറേറ്റുകള്‍ വള്ളംകളിയിലേക്കെത്തുമ്പോള് ജനമനസുകളിലെ ജലോത്സവത്തിനു വരുന്ന രൂപമാറ്റം ഈ കായികയിനത്തെ ജനങ്ങളില്‍ നിന്ന് അകറ്റുമോയെന്നതാണ് ഉയരുന്ന ആശങ്ക.
മാധ്യമങ്ങളും പടിക്കുപുറത്ത്
നെഹ്റു ട്രോഫി റിപ്പോർട്ട് ചെയ്യാൻ ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ആണ് പുന്നമടക്കായലിലേക്ക് എത്തിക്കൊണ്ടിരുന്നത്.
എന്നാൽ സിബിഎൽ ആക്കിയതിനെ തുടർന്ന് കരാർ എടുക്കുന്ന കമ്പനി നൽകുന്ന ചിത്രങ്ങളും വീഡിയോയും കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ് മാധ്യമങ്ങൾ.
ഈ രീതിയിൽ മാധ്യമങ്ങളെ ഒഴിവാക്കുന്നതും നെഹ്റു ട്രോഫിക്ക് ലഭിച്ചിരുന്ന പ്രചാരത്തിൽ കുറവു സംഭവിക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.
സി ബി എല്ലിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ വള്ളം കളികളും കഴിഞ്ഞേ ഫലം വരൂ എന്നതും നെഹ്റു ട്രോഫിയുടെ മാറ്റു കുറയ്ക്കുന്നു. നെഹ്റു ട്രോഫി പോലെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ജലോത്സവത്തിന് മാറ്റു കുറയാതെ മാറ്റങ്ങൾ വരുത്തണം എന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം.