ടോം ജോർജ്
ആലപ്പുഴ: ഓണക്കാലത്തിനു മുന്നോടിയായെത്തുന്ന വള്ളംകളിയേയും കോവിഡ് കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് വള്ളംകളിയുടെ ഈറ്റില്ലമായ ആലപ്പുഴയും കുട്ടനാടും.
വള്ളംകളികളികളുടെ നടത്തിപ്പിനെക്കുറിച്ച് സർക്കാർ തലത്തിൽ ആലോച്ചിച്ച് അനുമതി കൊടുക്കേണ്ട സമയമായെങ്കിലും ഇത്തരത്തിൽ ഒരു നടപടിയും ഉണ്ടാകാത്തത് ഈ മേഖലയെ തളർത്തുന്നു.
വളളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്ക് ബോണസ് തുകയും പ്രൈസ് മണിയും കണ്ടെത്താൻ സംഘാടകർക്ക് സാധിക്കാത്ത പക്ഷം ജലോത്സവ നടത്തിപ്പു തന്നെ അവതാളത്തിലായേക്കും.
വള്ളം കളിയുടെ കമന്ററിയും, ആർപ്പോ ഹിയ്യോ വിളികളും, വിസിലടിയും, വഞ്ചിപ്പാട്ടും, വള്ളത്തട്ടുകളിൽ നിന്നുയരുന്ന ഇന്പമേറിയ വെടിത്തടി താളവും നിലച്ചതിനും കോവിഡോളം തന്നെ പഴക്കമുണ്ട്. രണ്ടു വർഷമായി കേരളക്കരയിൽ വള്ളംകളി ആരവങ്ങൾ നിലച്ചിട്ട്.
ജലോത്സവ സീസണ് ആരംഭം കുറിച്ചുള്ളതാണ് ചന്പക്കുളം മൂലം ജലോത്സവം. ഈ വർഷത്തെ വള്ളംകളി നടത്തിപ്പിനെയും ആശങ്കയിലാഴ്ത്തി കോവിഡ് വീണ്ടും തലപൊക്കുകയാണ്.
എന്നിരുന്നാലും കേരളത്തിന്റെ പൈതൃക പ്രതീകമായ വള്ളംകളി നടത്തിപ്പിന് സർക്കാർ അനുമതി നിഷേധിക്കില്ലെന്ന പ്രതീക്ഷയിലാണ് ജലോത്സവ പ്രേമികൾ.
തീരുമാനം വൈകുന്തോറും അന്യം നിൽക്കുന്നത് ഒരു ദേശത്തിന്റെ പെരുമയാണ്. ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് ജലോത്സവ മേഖല കടന്നുപോകുന്നത്.
ഇതൊക്കെ പഠിച്ച് പരിഹാരം കാണാൻ സർക്കാർ തയാറായില്ലെങ്കിൽ കേരളത്തിന്റെ ഖ്യാതി ലോകനെറുകയിലെത്തിച്ച കായികരൂപത്തിന്റെ അടിത്തറയിളകും.
വള്ളങ്ങളുടെ എണ്ണം കുറയുന്പോൾ ?
മൂലം ജലോത്സവത്തിൽ ഒന്പത് ചുണ്ടൻ വള്ളങ്ങളും ആറുവീതം വിവിധ ഗ്രേഡുകളിലുള്ള വെപ്പ് , ഇരുട്ടുകുത്തി വള്ളങ്ങളും മത്സരിച്ചിരുന്നു. എന്നാലിന്ന് വള്ളങ്ങളുടെ എണ്ണം കുറയ്ക്കാൻ നിർബന്ധിതരാവുകയാണ് സംഘാടകർ.
മൂലം ജലോത്സവത്തിൽ ഈ വർഷം ആറു ചുണ്ടനും മൂന്നുവീതം എ ഗ്രേഡ് വെപ്പ് , ഇരുട്ടുകുത്തി വള്ളങ്ങളും മാത്രം പങ്കെടുക്കുന്നതിനാണ് ജനറൽ ബോഡി അനുമതി നൽകിയിരിക്കുന്നത്.
വള്ളങ്ങളുടെ എണ്ണം ചുരുങ്ങിയ സാഹചര്യത്തിൽ പോലും 15 ലക്ഷം രൂപയോളം നടത്തിപ്പിന് ആവശ്യമാണ്. ഈ തുക കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് സംഘാടകർ.
സർക്കാർ അനുമതി വൈകുംതോറും ഫണ്ടു കണ്ടെത്തുന്നതും താമസിക്കും. അതോടെ വള്ളംകളി നടത്തിപ്പും വർണാഭമല്ലാതാകും.
നിലവിൽ മൂലം വള്ളംകളിയിൽ പങ്കെടുക്കാൻ ഒന്പത് ചുണ്ടൻ വള്ളങ്ങളും ടീമുകളും ഒരുക്കങ്ങൾ നടത്തുന്നുണ്ട്. എന്നാൽ വള്ളങ്ങളുടെ എണ്ണം ആറാക്കിയ സാഹചര്യത്തിൽ, കുട്ടനാട് താലൂക്കിലെ വള്ളങ്ങൾക്കു മുൻഗണന നൽകി, മറ്റുള്ളവരിൽ നിന്ന് റാൻഡം സെലക്ട് ചെയ്യുന്നതാണ് ഉചിതമെന്നാണ് ഇവിടത്തുകാരുടെ അഭിപ്രായം.
കൃത്യമായി അളന്ന് തിട്ടപ്പെടുത്തിയ ട്രാക്കും ചാന്പ്യൻസ് ബോട്ട് ലീഗിൽ (സിബിഎൽ ) പരീക്ഷിച്ചു വിജയിച്ച സ്റ്റിൽ സ്റ്റാർട്ട് സംവിധാനവും ഉണ്ടെങ്കിൽ മാത്രമേ ജലോത്സവങ്ങൾ കുറ്റമറ്റതാവൂ. ഇതിനും ചെലവുകൾ ഏറെയാണ്.
വള്ളംകളിയുടെ കാണാക്കണക്കുകൾ
ചുണ്ടൻ വള്ള സമിതികൾക്കും ഭാരിച്ച സാന്പത്തിക ചെലവുകളാണ് ഉണ്ടാവുന്നത്. വള്ളങ്ങൾക്ക് വാടക നൽകി ടീമുകൾ കൊണ്ടുപോയിരുന്ന പഴയ സാഹചര്യം മാറി. ഇന്ന് ലക്ഷങ്ങൾ മുടക്കി സമിതികൾ വള്ളംകളി നടത്തേണ്ട അവസ്ഥയാണ്.
ഒരു ദിവസത്തെ പരിശീലനത്തിന് കൂലി, ഭക്ഷണം, താമസം ഉൾപ്പടെ 1.5 ലക്ഷത്തോളം ചെലവ് പ്രതീക്ഷിക്കണം. നാലഞ്ച് ദിവസം ട്രയൽ നടത്തി കളിക്കണമെങ്കിൽ സർവ ചെലവുകളും ചേർത്ത് 7.5 ലക്ഷം രൂപ കുറഞ്ഞത് കണ്ടെത്തേണ്ടി വരും. ഒരു പ്രാദേശിക കണക്കാണിത്.
എന്നാൽ നെഹ്റു ട്രോഫിക്ക് വള്ളങ്ങളിറക്കണമെങ്കിൽ ചെലവ് 30 ലക്ഷം മുതൽ 80 ലക്ഷം വരെ പോകും. ബോണസ് തുകയോ, പ്രൈസ് മണിയോ കൊണ്ട് ഒന്നുമാകില്ല.
ചാന്പ്യൻസ് ബോട്ട് ലീഗാണ് ഈ അവസ്ഥയ്ക്ക് അൽപം മാറ്റം കൊണ്ടുവന്നത്. കൂടുതൽ വള്ളങ്ങൾക്ക് ഇത് ഉപകാരപ്പെടണമെങ്കിൽ, സിബിഎല്ലിൽ 15 ചുണ്ടൻ വള്ളങ്ങളെങ്കിലും പങ്കെടുക്കണം.
വെപ്പ് , ഇരുട്ടുകുത്തി , ചുരുളൻ വള്ളങ്ങൾക്ക് കൂടുതൽ അവസരം ഒരുക്കുകയും വേണം.
നടത്തേണ്ട സമയമേത്?
നവംബറിലേക്ക് നെഹ്റു ട്രോഫി മാറ്റുന്നതിനെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ വരുന്നുണ്ട്. നിലവിലെ പ്രകൃതി സാഹചര്യത്തിൽ ഇത് കൂടുതൽ ഗുണകരമാകുമെന്നാണ് വള്ളംകളി നടത്തുന്നവരിൽ പലരുടേയും അഭിപ്രായം.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14ന് ഇന്ത്യ കണ്ട ഏറ്റവും വലിയ ആഘോഷമായി ആലപ്പുഴയിൽ നെഹ്റു ട്രോഫി നടത്താനാകുമെന്നും ഇവർ പറയുന്നു.
തുടർന്ന് ചാന്പ്യൻസ് ബോട്ട് ലീഗ് കൂടെ നടക്കുന്പോൾ ടൂറിസം മേഖലയ്ക്കും ഉണർവുണ്ടാകുമെന്നാണ് ഇവരുടെ അഭിപ്രായം.
പരന്പരാഗതമായി നടത്തുന്ന ഓഗസ്റ്റിൽ തന്നെ നെഹ്റുട്രോഫി നടത്തണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ഇതിനും ഒരു തീരുമാനം അടിയന്തിരമായി ഉണ്ടായാലേ വള്ളംകളി മുന്നോട്ടുപോകൂ.
സർക്കാർ സാന്പത്തിക സഹായം നൽകണം
മുടങ്ങിപ്പോയ ചങ്ങനാശേരി, പുളിങ്കുന്ന് പോലെയുള്ള പല ജലോത്സവങ്ങളും വീണ്ടും തുടങ്ങാൻ സർക്കാർ സാന്പത്തിക സഹായം നൽകുകയും നല്ല സ്പോണ്സർമാറെ കണ്ടെത്തുകയും ചെയ്തില്ലെങ്കിൽ ഒരു ദേശത്തിന്റെ പെരുമയാകും അന്യമാകുന്നത്.
ജനപങ്കാളിത്തം ഉറപ്പാക്കിയാൽ മാത്രമേ ജലോത്സവങ്ങൾക്കും കളിവള്ളങ്ങൾക്കും നിലനിൽപ്പുള്ളൂ.
ജോമോൻ വർഗീസ് മായിപ്പറപ്പള്ളി
സിജോ വർഗീസ് തെക്കേടം
ബോട്ട് റേസസ് ഗ്രൂപ്പ്