ആലപ്പുഴ: പ്രളയത്തിനും കവര്‍ന്നെടുക്കാനാവാത്ത ആവേശത്തിര വിതറി പുന്നമടയില്‍ നെഹ്റുട്രോഫി വള്ളംകളി. വിദേശ രാജ്യങ്ങളില്‍ നിന്നടക്കമെത്തിയ ആയിരകണക്കിനു ജലോത്സവ പ്രേമികളുടെ ആവേശം വാനോളം ഉയർന്നു. ഓഗസ്റ്റില്‍ പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ച വള്ളംകളി മത്സരമാണ് ഇപ്പോൾ നടക്കുന്നത്. രാവിലെ 11 നു ചെറുവള്ളങ്ങളുടെ മത്സരങ്ങളോടെ ട്രാക്കുണർന്നു.
25 ചുണ്ടന് വള്ളങ്ങളും 56 കളിവള്ളങ്ങളുമാണ് ഓളപ്പരപ്പിലെ ഒളിന്പിക്സില്‍ ഇത്തവണ മാറ്റുരക്കുന്നത്. നെഹ്രുട്രോഫിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം വള്ളങ്ങള്‍ പങ്കെടുക്കുന്നു എന്നതാണ് 66- ാമത് നെഹ്റു ട്രോഫി വള്ളം കളിയുടെ പ്രത്യേകത.കാണികള്‍ക്കും തുഴച്ചില്കാര്ക്കുമൊപ്പം വള്ളംകളിയെ ഹരം കൊള്ളിക്കാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനും ഭാര്യ സ്നേഹ റെഡ്ഢിയും ഇന്നലെതന്നെയെത്തി.
കായിക പ്രേമികള്‍ക്ക് ഇരട്ടി മധുരമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടീമംഗങ്ങളും ഓളപരപ്പിലെത്തി. മഞ്ഞപ്പടയും അല്ലു അര്‍ജുനും കാണികള്‍ക്ക് ആവേശം പകര്‍ന്ന് ബോട്ടില്‍ കാണികള്‍ക്ക് അടുത്തെത്തി. ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ധനമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്, സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം സംസ്ഥാനത്തെ മന്ത്രിമാരുടേയും പ്രമുഖരുടേയും നിരതന്നെ ജലമേളയുടെ ആവേശത്തില്‍ പങ്കു ചേർന്നു.
കൂടാതെ മലയാളം-തമിഴ് തെന്നിന്ത്യന്‍ ചലച്ചിത്ര താരങ്ങളും ജലരാജാക്കന്മാരെ കാണാനും വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകരാനും എത്തി. വിപുലമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ 2,086 പൊലീസുകാരാണ് ജലമേളയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്.
ഗതാഗത തടസമടക്കമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനായി പുന്നമടയേയും നഗരത്തെയും രണ്ടായി തിരിച്ചുള്ള സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. പുന്നമടയെ 15 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 15 മേഖലകളായി തിരിക്കും.