ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയിലെ ഇലക്ട്രോണിക് സ്റ്റാർട്ടിംഗ് സംവിധാനം പരാജയപ്പെട്ടതിനു പിന്നിൽ ക്രമക്കേടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് നൽകുമെന്ന് കേരള ജലോത്സവ ജാഗ്രതാ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
15ലക്ഷം രൂപ സ്വകാര്യ വ്യക്തിക്ക് നൽകിയ ജലസേചനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തണം. ഈ പണം എൻടിബിആർ സൊസൈറ്റിക്ക് തിരികെ ലഭിക്കാൻ ഏർപ്പാടുണ്ടാക്കണം. സ്പോർട്സ് കൗണ്‍സിലിൽ നിന്നോ മറ്റ് ഏതെങ്കിലും ഏജൻസിയിൽ നിന്നോ സ്റ്റാർട്ടർമാരെ കണ്ടെത്തി വേണം വള്ളംകളി നടത്താൻ. രാഷ്ട്രീയക്കാരെ ഇതിൽ നിന്ന് ഒഴിവാക്കണം.
വള്ളംകളി കമ്മിറ്റിയിൽ സമൂലമായ മാറ്റങ്ങൾ വരുത്തണം. നെഹ്റുട്രോഫി സബ്കമ്മിറ്റികൾ പിരിച്ചുവിടണം. ജലോത്സവ പ്രേമികളുടെ സ്വപ്നമായ കേരള ബോട്ട് റേസ് ലീഗ് നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും പ്രസിഡന്റ് മുട്ടാർ ഗോപാലകൃഷ്ണൻ, സെക്രട്ടറി ബാബു പാറക്കാടൻ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.