ആലപ്പുഴ: 65-ാമതു നെഹ്റുട്രോഫി വള്ളംകളി നാളെ പുന്നമടക്കായലിൽ അരങ്ങേറുന്പോൾ “കമന്ററി’ വള്ളം തുഴയാൻ ഇത്തവണ അച്ഛനൊപ്പം മകളും. ദൂരദർശൻ നെഹ്റുട്രോഫി വള്ളംകളി തത്സമയ സംപ്രേഷണം തുടങ്ങിയ നാൾ മുതൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ദൃക്സാ ക്ഷി വിവരണം നല്കി വരുന്ന പ്രഫ. ചെറിയാൻ അലക്സാണ്ടറിനൊപ്പം മകൾ ഡോ. സുമി ചെറിയാനും ഇക്കുറി കമന്ററി നൽകാൻ പുന്നമട കായൽ കരയിൽ ഉണ്ടാകും.
ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബോൾ മത്സരങ്ങളുടെ ദൂരദർശൻ കമന്റേറ്റർ കൂടിയാണ് പ്രഫ. ചെറിയാൻ. 35-ാമതു ദേശീയ ഗെയിംസ്, 64-ാമതു ദേശീയ പോലീസ് അത്ലറ്റിക് മീറ്റ് എന്നിവയുടെയും കമന്റേറ്ററായിരുന്നു. 40 വർഷത്തോളമായി അധ്യാപന രംഗത്തുണ്ട്.
എസ്ഡി കോളജ് ഇംഗ്ളീഷ് വിഭാഗം അസോസിയേറ്റ് പ്രഫസർ ആയി വിരമിച്ച ശേഷം ചങ്ങനാശേരി അതിരൂപതയുടെ ആലപ്പുഴ പുന്നപ്ര മാർ ഗ്രിഗോറിയസ് കോളജ് പ്രിൻസിപ്പലായി സേവനം ചെയ്യുന്നു. കുറച്ചുകാലം ഒരു ഇംഗ്ളീഷ് ദേശീയ ദിനപത്രത്തിന്റെ സബ് എഡിറ്ററായും പ്രവർത്തിച്ചു.
കോട്ടയം താഴത്തങ്ങാടി ബോട്ട് റേസ്, ചന്പക്കുളം മൂലം വള്ളംകളി, കൊല്ലം പ്രസിഡന്റ്സ് ട്രോഫി എന്നിവയിലും ദൂരദർശന്റെ കമന്റേറ്ററാണ്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം ഒരു വേദിയിൽ ഇദ്ദേഹത്തിന്റെ അവതരണത്തെ പരസ്യമായി പ്രശംസിച്ചതാണ് ഈ രംഗത്തെ ഇദ്ദേഹത്തിന്റെ ഏറ്റവും അഭിമാന നിമിഷം.
ദൂരദർശൻ ഇംഗ്ളീഷിൽ റിലേ ചെയ്യുന്ന നെഹ്റുട്രോഫി ജലോത്സവം ലൈവ് ടെലികാസ്റ്റ് കോമണ്വെൽത്ത് ഉൾപ്പടെ 65 രാഷ്ട്രങ്ങളിലാണു തത്സമയ സംപ്രേഷണമായി പോകുന്നത്.ഇത്തവണ ദൂരദർശനുവേണ്ടി ഇംഗ്ളീഷിൽ കമന്ററി നൽകാൻ എത്തുന്ന ഇദ്ദേഹത്തിന്റെ മകൾ സുമി ചെറിയാൻ കേരള സർവീസിൽ വെറ്ററിനറി സർജൻ ആണ്.
വിദ്യാർഥിയായിരിക്കുന്പോൾ ആലപ്പുഴയിൽ രണ്ടുതവണ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുമി ചെറിയാൻ നല്ലൊരു റേഡിയോ പ്രഭാഷക കൂടിയാണ്. നാഷണൽ ചിൽഡ്രൻസ് ഫെസ്റ്റിൽ ദേശീയതലത്തിൽ പ്രബന്ധം അവതരിപ്പിച്ചു സമ്മാനം നേടിയിട്ടുണ്ട്.
പ്രഫ. ചെറിയാൻ അലക്സാണ്ടറിന്റെ ഭാര്യ ഡോ. മറിയാമ്മ പഞ്ഞിക്കാരൻ പുന്നപ്ര മാർ ഗ്രിഗോറിയസ് കോളജിലെ ഇംഗ്ളീഷ് വിഭാഗം മേധാവിയാണ്. ഡോ.സുമി ചെറിയാന്റെ ഭർത്താവ് ഡോ. ഫിലിപ്പ് ജേക്കബ് കേരള സർവീസിൽ അസിസ്റ്റന്റ് സർജനാണ്.
ജോണ്സണ് നൊറോണ