ആലപ്പുഴ: ആലപ്പുഴയുടെ ജല ആഘോഷമായ നെഹ്രുട്രോഫി ജലോത്സവം പ്രകൃതിക്ഷോഭത്തെ തുടർന്ന് രണ്ടാംതവണയും മുടങ്ങിയതോടെ ആലപ്പുഴക്കാരുടെ മത്സരാവേശത്തിനു തിരിച്ചടി. കഴിഞ്ഞവർഷവും മഹാ പ്രളയത്തെ തുടർന്നു ജലമേള മാറ്റിവച്ചിരുന്നു. പിന്നീട് മറ്റൊരു തീയതിയിൽ നടത്തുകയായിരുന്നു. പ്രളയത്തെ അതിജീവിച്ച കുട്ടനാട്ടുകാർക്കു ആശ്വാസവും ആവേശവും നല്‍കിയാണ് ഇത്തവണ ജലമേളയെത്തിയത്. ചാന്പ്യൻസ് ബോട്ട് ലീഗ് കൂടി ഇത്തവണ ഏർപ്പെടുത്തിയതോടെ നെഹ്റുട്രോഫിക്ക് അന്താരാഷ്ട്ര പ്രശസ്തിയും ഒപ്പം തുഴച്ചിൽകാർക്കു സ്ഥിരംവേദിയും പ്രതീക്ഷിച്ചു.
എന്നാൽ, മഴ കലി പൂണ്ടതോടെ പ്രതീക്ഷയ്ക്കുമേൽ ഇരുൾവീഴ്ത്തി മത്സരം മാറ്റിവച്ചു. ജലമേളയ്ക്ക് അതിഥിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തണ്ടുൽക്കറെ വരവേല്‍ക്കാനുള്ള രണ്ടാം ഒരുക്കംകൂടിയായിരുന്നു ഇത്തവണത്തേത്.
കഴിഞ്ഞതവണയും സച്ചിനെത്തുമെന്ന പറഞ്ഞിരുന്നു. പിന്നീട് വരവ് മാറ്റുകയായിരുന്നു. കഴിഞ്ഞവർഷം എത്താൻ കഴിയാതിരുന്ന സച്ചിനെ ഇത്തവണ എത്തിക്കാമെന്ന സംഘാടകരുടെ പ്രതീക്ഷയും അസ്ഥാനത്തായി. വ്യാഴാഴ്ച ഉച്ചവരെ ഗ്രീൻഅലർട്ട് മാത്രമായിരുന്ന ആലപ്പുഴയ്ക്ക് രാത്രിയോടെ ഓറഞ്ച് അലർട്ടിലേക്കു കടന്നു.
ജലമേള മാറ്റിവയ്ക്കുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. എല്ലാ വള്ളങ്ങൾക്കും സ്പോണ്‍സർമാരെ കണ്ടെത്താനാവാത്ത സ്ഥിതിയിലാണ് സിബിഎലിന്റെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചത്. എന്നാലും ആദ്യസംരംഭമെന്ന നിലയിൽ സിബിഎൽ കെങ്കേമമായി നടത്താൻ തന്നെയായിരുന്നു തീരുമാനം. മറ്റുമത്സരങ്ങൾ കൂടി വരുന്പോൾ സ്പോണ്‍സർമാരും എത്തുമെന്നായിരുന്നു പ്രതീക്ഷയും.
മത്സരം മാറ്റിവച്ചതോടെ സിബിഎൽ നടത്തിപ്പിനുള്ള ബാധ്യത വർധിക്കാനാണ് സാധ്യത. വള്ളംകളി മാറ്റിവച്ചതോടെ ലക്ഷങ്ങളുടെ നഷ്ടവുമുണ്ടാകും. ജലോത്സവത്തിനുള്ള എല്ലാ വിധ ഒരുക്കങ്ങളും എൻടിബിആർ സൊസൈറ്റിയും ബോട്ട് ക്ലബ്ബുകളും പൂർത്തിയാക്കിയിരിക്കെ ആണ് ജലോത്സവം മാറ്റിവച്ചത്. പല ചുണ്ടൻ വള്ളങ്ങളും അവസാനവട്ട പരിശീലന തുഴച്ചിലും പൂർത്തിയാക്കി തുടർനടപടികളിലേക്കും കടന്നിരുന്നു.
ഏതായാലും ആഘോഷത്തിമിർപ്പിൽ ഓളംതല്ലേണ്ട പുന്നമടക്കായലിൽ ഇന്നലെ വൈകുന്നേരം മുതൽ വെള്ളത്തിന്റെ അളവും വർധിച്ചിട്ടുമുണ്ട്. 1952-ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആലപ്പുഴ സന്ദർശനവുമായി ബന്ധപ്പെട്ടു നടത്തിയ ജലഘോഷയാത്ര പിന്നീട് നെഹ്റുട്രോഫി ജലമേളയായി മാറിയതിനു ശേഷം മാറ്റമില്ലാതെ നടന്ന മത്സര വള്ളംകളി രൂക്ഷമായ കാലവർഷക്കെടുതിയുടെ സാഹചര്യത്തിലും കുമരകം ബോട്ടുദുരന്തത്തിന്റെ പശ്ചാത്തലത്തിലുമായിരുന്നു മുന്‍പ് മാറ്റിവച്ചത്. കഴിഞ്ഞ തവണയും പ്രളയക്കെടുതി മൂലം വള്ളംകളി മാറ്റിവയ്ക്കുകയായിരുന്നു. വള്ളംകളി പുതുക്കി നടത്തുന്ന തീയതിയും പ്രഖ്യാപിച്ചിട്ടില്ല.