ആലപ്പുഴ: പ്രളയത്തെത്തുടർന്ന് മാറ്റിവച്ച നെഹ്റുട്രോഫി ജലോത്സവത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. സ്റ്റാർട്ടിംഗ് പോയിന്റ്, ട്രാക്ക്, പവലിയൻ എന്നിവയുടെ അറ്റകുറ്റപണികൾ കൂടി പൂർത്തിയാക്കിക്കഴിഞ്ഞാൽ ജലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകും. വരുന്ന ശനിയാഴ്ചയാണ് നെഹ്റുട്രോഫി ജലമേള നടക്കുന്നത്.
ജലോത്സവം കാണാനെത്തുന്നവർക്കായുള്ള ഗ്യാലറികൾ പൂർണസജ്ജമായിട്ടുണ്ട്. ഇത്തവണ ജലമേള കാണാനെത്തുന്ന മുതിർന്ന പൗര·ാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ഇരിപ്പിട സൗകര്യമൊരുക്കിയിട്ടുണ്ട്. ഫിനിഷിംഗ് പോയിന്റിലെ റോസ് പവലിയൻ, വികടറി ലൈൻ എന്നിവിടങ്ങളിലാണ് അംഗപരിമിതർക്കും മുതിർന്നവർക്കും പ്രത്യേക സൗകര്യമൊരുക്കിയിരിക്കുന്നത്.
അംഗപരിമിതയുള്ളവർക്ക് ഗ്യാലറിയിലെത്തുന്നതിൽ പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്. ഏകദേശം 40,000ത്തോളം ടിക്കറ്റുകളാണ് ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. പ്രളയത്തിനുശേഷം ടൂറിസം മേഖലയിലുണ്ടായ മാന്ദ്യത ജലമേള കാണാനെത്തുന്ന വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തെ ചെറിയ തോതിൽ ബാധിച്ചതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റിൽ ജലമേളയ്ക്കായി ഓണ്‍ലൈനായി ബുക്ക് ചെയ്ത ടിക്കറ്റുകൾ പലരും കാൻസൽ ചെയ്യുകയും പണം തിരികെ വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ ടിക്കറ്റ് റീ ബുക്കിംഗ് ആരംഭിച്ചതും ടിക്കറ്റുകൾക്കായി അന്വേഷണങ്ങൾ വർധിച്ചതും ശുഭപ്രതിക്ഷയാണ് അധികൃതർക്ക് നൽകുന്നത്.
ജലമേളയിൽ മത്സരിക്കുന്നതിനുള്ള ചുണ്ടൻ വള്ളങ്ങളുടെ പരിശീലനവും സജീവമായിട്ടുണ്ട്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കുറഞ്ഞദിവസത്തെ പരിശീലനമാണ് ക്ലബുകൾ നൽകുന്നത്. പരിശീലന ദിവസങ്ങളുടെ എണ്ണംകുറച്ചാൽ ബോണസ് കുറയ്ക്കുമെന്ന ഭീഷണിയുള്ളത് സാന്പത്തികശേഷിയില്ലാത്ത ക്ലബുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.