കുമരകം: മുത്തേരിമടയിലെ കുഞ്ഞോളങ്ങളെ കീറി മുറിച്ചുകൊണ്ട് ചുണ്ടൻ വള്ളങ്ങളും ഓടിയും അരയന്നങ്ങളെപ്പോലെ തുഴഞ്ഞു വന്നു. ആർപ്പു വിളിയുമായി ഇരുകരകളിലും ജനങ്ങളുടെ വൻ നിര. ശനിയാഴ്ച നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന വങ്ങളുടെ പരിശീലന തുഴച്ചിൽ ആയിരുന്നു ഇന്നലെ മുത്തേരി മടയിൽ.
ആറാം ദിനം ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി ജലമാമാങ്കത്തിൽ ജവഹർലാൽ നെഹ്റുവിന്റെ കയ്യൊപ്പുള്ള വെള്ളിക്കപ്പ് കൈക്കലാക്കാൻ കുമരകത്ത് നിന്നു പുറപ്പെടുന്ന ചുണ്ടൻ വള്ളങ്ങൾക്കൊപ്പം ഒന്നാം തരം ഓടിവള്ളങ്ങളും രണ്ടാം തരം വെപ്പുവള്ളങ്ങളും ചുരുളൻ രണ്ടാം തരം വള്ളവും മുത്തേരിമടത്തോട്ടിൽ പരിശീലനം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞതു മുതൽ കാൽനടയായും വാഹനങ്ങളിലും ജനം മുത്തേരിമടയിലേക്ക് ഒഴുകിയെത്തി.
ശനിയാഴ്ച നടക്കുന്ന 67-ാമത് നെഹ്രു ട്രോഫിയിൽ ചുണ്ടൻ വള്ളങ്ങളുടെ ഒന്നാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ മത്സരിക്കുന്ന വേന്പനാടു ബോട്ട് ക്ലബിന്റെ വിയപുരം, മൂന്നാം ഹീറ്റ്സിൽ രണ്ടാം ട്രാക്കിൽ മത്സരിക്കുന്ന കുമരകം ടൗണ് ബോട്ട് ക്ലബിന്റെ പായിപ്പാടൻ ,അഞ്ചാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ മത്സരിക്കുന്ന ജൂണിയർ വേന്പനാട് ടീമിന്റെ കരുവാറ്റ എന്നീ മൂന്നു ചുണ്ടൻ വള്ളങ്ങളാണ് ഇന്നലെ മുത്തേരി മട ആറ്റിൽ കാണികൾക്ക് ഹരം പകരാനെത്തിയിരുന്നത്.
ഇവർക്കൊപ്പം ഓടി വള്ളങ്ങളായ സമുദ്ര ബോട്ട് ക്ലബിന്റെ ഷോട്ടും കെസിവൈഎൽ ടീമിന്റെ ചന്പക്കുളം മൂലം വള്ളംകളിയിലെ ഈ വർഷത്തെ ജേതാവ് ചിറമേൽ തോട്ടുകടവനും കുമരകം ജെട്ടിയിലെ യുവാക്കൾ അണിനിരന്ന മൂന്നു തൈക്കനും രണ്ടാംതരം ചുരുളൻ വള്ളമായ മുഴിയും പരിശീലന തുഴയെറിയാൻ മുത്തേരി മടയിലെത്തിയിരുന്നു.
പരിശീലനതുഴച്ചിലാണ് മൂത്തേരിമടയിൽ ഇന്നലെ നടന്നതെങ്കിലും മത്സരവള്ളംകളിക്ക് ഏർപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരുന്നത് 50 പോലീസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ്, ഫയർഫോഴ്സിന്റെയും പോലീസിന്റെയും സുരക്ഷാ സംവിധാനങ്ങൾ, ആംബുലൻസുകൾ തുടങ്ങിയ മന്നൊരുക്കങ്ങൾ മുൻകാല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് ഏർപ്പെടുത്തിയിരുന്നു.