ആലപ്പുഴ: നെഹ്റുട്രോഫി ജലമേള ഇത്തവണ സന്പൂർണ ഗ്രീൻ പ്രോട്ടോക്കോളിൽ നടത്താനുള്ള അശ്രാന്ത പരിശ്രമത്തിൽ സംഘാടകർ. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ സംഘാടകർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. നഗരസഭയുമായി സഹകരിച്ചാണ് ജലോത്സവത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നത്. ഇതിനായി 350 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്.
പച്ച ടീ ഷർട്ടും കറുത്ത പാന്റ്സുമാണ് ഇവരുടെ വേഷം. പ്ലാസ്റ്റിക് കുപ്പികൾ പൂർണമായും ഉപേക്ഷിക്കാനാണ് നീക്കമെങ്കിലും നിശ്ചിത തുക ഈടാക്കി കുപ്പികളിൽ സ്റ്റിക്കർ പതിപ്പിച്ചുനൽകുന്ന കേന്ദ്രങ്ങളുമുണ്ടാകും. വള്ളംകളി കഴിഞ്ഞ് തിരികെ സ്റ്റിക്കർ പതിപ്പിച്ച കുപ്പി ഈ കേന്ദ്രങ്ങളിൽ നൽകിയാൽ അടച്ച തുക തിരികെ നൽകും. പ്ലാസ്റ്റിക് കിറ്റുകളുമായി എത്തുന്നവർക്ക് സൗജന്യമായി നൽകാൻ തുണി സഞ്ചികളും സംഘാടകർ തയാറാക്കിയിട്ടുണ്ട്.
ജലോത്സവത്തിനെത്തുന്ന വിഐപികളെ ഓലത്തൊപ്പിയണിയിച്ച് സ്വീകരിക്കാനാണ് സംഘാടകർ ലക്ഷ്യമിട്ടിരിക്കുന്നത്. ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ഇപ്റ്റ നാട്ടരങ്ങാണ് ഓലത്തൊപ്പികൾ നിർമിക്കുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിക്ഷേപിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള ഓലകൊണ്ടുള്ള ചവറുകുട്ടകളും ഇവർ നിർമിക്കുന്നുണ്ട്.