ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി ജലമേള മറ്റിവയ്ക്കണമെന്ന് ആവശ്യം. വള്ളംകളിയുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ മുൻ എംഎൽഎ എ. എ. ഷുക്കൂറാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്.
കുട്ടനാട്ടിലെ വെള്ളപ്പൊക്കകെടുതികളുടെ പശ്ചാത്തലത്തിൽ വള്ളംകളി മറ്റിവയ്ക്കുന്നതാകും ഉചിതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടനാട്ടിൽ വീണ്ടും വെള്ളം ഉയർന്നതായാണ് മനസിലാക്കുന്നത്. ഇപ്പോഴത്തെ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടനാട് പങ്കാളിത്തമുള്ള വള്ളംകളി ആഘോഷപൂർവ്വം നടത്തുന്നത് ഉചിതമാണോയെന്ന് ആലോചിക്കണമെന്നും ഷുക്കൂർ ആവശ്യപ്പെട്ടു.
ചർച്ചയുടെ അടിസ്ഥാനത്തിൽ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയും വരും ദിവസത്തെ സാഹചര്യങ്ങൾ പരിശോധിച്ചും തീരുമാനം എടുക്കാമെന്ന് യോഗത്തിൽ പങ്കെടുത്ത മന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് അറിയിച്ചു.